പ്രായപൂർത്തിയാകാത്ത സഹോദരിയെ ബലാൽസംഗം ചെയ്ത പ്രതിയെ തിഹാർ ജയിലിനുള്ളിൽ കുത്തിക്കൊന്ന് സഹോദരന്റെ പ്രതികാരം. കഴിഞ്ഞ ദിവസമാണ് തിഹാർ ജയിലിൽ രാജ്യത്തെ തന്നെ അമ്പരപ്പിച്ച കൊലപാതകം നടന്നത്. പ്രതികാരത്തിനായി വർഷങ്ങളുടെ കാത്തിരിപ്പാണ് സഹോദരൻ നടത്തിയത്. 21 വയസുള്ള സക്കീറാണ് സഹോദരിയെ ബലാൽസംഗം ചെയ്ത 27 വയസുള്ള മുഹമ്മദ് മെഹ്താബിനെ ജയിലിനുള്ളിൽ വച്ച് കുത്തിക്കൊന്നത്.
സംഭവം ഇങ്ങനെ: പ്രായപൂർത്തിയാകാത്ത സക്കീറിന്റെ സഹോദരിയെ ആറുവർഷം മുൻപാണ് സുഹൃത്ത് കൂടിയായിരുന്ന മെഹ്താബ് ക്രൂരമായി ബലാൽസംഗം ചെയ്യുന്നത്. ഇതിന് പിന്നാലെ സഹോദരി ആത്മഹത്യ ചെയ്തു. ഇതോടെ പ്രതികാരം ചെയ്യണം എന്ന് സക്കീർ ഉറപ്പിച്ചു. ജയിലിൽ നിന്നും പുറത്തുവരുന്നത് വരെ നോക്കിയിരിക്കാൻ സക്കീർ തയാറായില്ല. പ്രായപൂർത്തിയായ ശേഷം ജയിലിൽ കയറാൻ ഇയാൾ മറ്റൊരു കൊലപാതകം നടത്തി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
ഈ കേസിൽ സക്കീറിനെ ശിക്ഷിച്ച് തിഹാർ ജയിലിൽ എത്തിച്ചു. അന്ന് 20 വയസിന് താഴെയായതിനാൽ സക്കീറിനെ ജയിലിന്റെ മറ്റൊരു ബ്ലോക്കിലാണ് പാർപ്പിച്ചത്. 21 വയസ് പൂർത്തിയായപ്പോൾ മെഹ്താബിനെ പാർപ്പിച്ചിരുന്ന ബ്ലോക്കിലേക്ക് സക്കീറിനെയും മാറ്റി. പിന്നീട് ജയിലിൽ ചില പ്രശ്നങ്ങൾ ഉണ്ടാക്കി മെഹ്താബ് കിടക്കുന്ന അതേ വാർഡിലേക്ക് ഇയാൾ മാറി. അതിനു ശേഷം കൊല്ലാനുള്ള അവസരത്തിനായി കാത്തിരുന്നു.
തിങ്കളാഴ്ച രാവിലെ പ്രാർഥനയ്ക്കായി എല്ലാവരെയും പുറത്തേക്ക് കൊണ്ടുപോയപ്പോൾ സക്കീർ മെഹ്താബിന്റെ സെല്ലിലേക്ക് ഇരച്ചുകയറി, കയ്യിലിരുന്ന മൂർച്ചയുള്ള ആയുധം കൊണ്ട് മെഹ്താബിന്റെ കഴുത്തിലും വയറ്റിലും ആഞ്ഞുക്കുത്തി. തന്റെ കലി തീരുന്നത് വരെ സക്കീർ മെഹ്താബിന്റെ ശരീരം മുഴുവനും കുത്തി മരണം ഉറപ്പാക്കി.