ക്രിക്കറ്റ്താരം സുരേഷ് റെയ്നയുടെ ഉറ്റബന്ധുക്കളെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്നംഗ ക്രിമിനൽ സംഘം അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ കൊടും ക്രിമിനലുകളാണ് പിടിയിലായതെന്നും ഇവർക്ക് മറ്റ് സംസ്ഥാനങ്ങളിലെ കൊള്ളസംഘങ്ങളുമായും ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു.
പിടിയിലായ ക്രിമിനലുകളിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. സവാൻ, മഹൂബത്ത്, ഷാറൂഖ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ മറ്റുള്ളവരെ ഇനിയും കണ്ടെത്താനുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഓഗസ്റ്റ് 19നു രാത്രിയിലുണ്ടായ ആക്രമണത്തിൽ റെയ്നയുടെ അമ്മാവൻ അശോക് കുമാർ വീട്ടിലും അമ്മാവന്റെ മകൻ കൗശൽ പിന്നീട് ആശുപത്രിയിലുമാണു മരിച്ചത്. അശോക് കുമാറിന്റെ ഭാര്യ ആശ റാണി ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം.
മരണ വിവരമറിഞ്ഞ ഉടൻ ദുബായിൽ ഐപിഎൽ ക്യാംപിലായിരുന്ന റെയ്ന നാട്ടിലേക്കു മടങ്ങുകയായിരുന്നു. റെയ്ന ഇന്നലെ പഠാൻകോട്ട് കുടുംബാംഗങ്ങളെ സന്ദർശിച്ചു.