ഹാത്രസില്‍ കുറ്റകൃത്യം പുനര്‍സൃഷ്ടിച്ച് സിബിഐ. പെണ്‍കുട്ടിയുെട സഹോദരന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. പ്രതികളെ കസ്റ്റഡില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. ഇതിനിടെ, സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവര്‍ത്തിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകളുടെ വിചാരണ അതിവേഗ കോടതികളില്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. 

രാജ്യത്താകെ പ്രതിഷേധം ആളിക്കത്തിച്ച ഹാത്രസ് കൂട്ടബലാല്‍സംഗം നടന്നിട്ട് ഇന്നേക്ക് ഒരുമാസം തികയുമ്പോഴാണ് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ, ഗ്രാമത്തിലെ പാടത്ത് കുറ്റകൃത്യം പുനര്‍സൃഷ്ടിച്ചത്. പെണ്‍കുട്ടിയെ ഷാള്‍ കൊണ്ടുവലിച്ചിഴച്ച് കൊണ്ടുപോയ രീതി അന്വേഷണസംഘം പുനര്‍സൃഷ്ടിച്ചു. സ്ഥലത്ത് നിന്ന് കണ്ടെടുത്ത പെണ്‍കുട്ടിയുടെ ചെരുപ്പ് അടക്കമുള്ള തെളിവുകള്‍ സഹോദരനെ കാണിച്ച് ഉറപ്പുവരുത്തി സാക്ഷ്യപ്പെടുത്തി. സഹോദരന്റെ മൊഴി നാലുമണിക്കൂര്‍ എടുത്താണ് സി.ബി.ഐ രേഖപ്പെടുത്തിയത്. രണ്ടുദിവസത്തിനുള്ളില്‍ എല്ലാ സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താനാണ് നീക്കം. പ്രതികളെ ഇതിനിടെ കസ്റ്റഡിയില്‍ വാങ്ങും. അതേസമയം, സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് യു.പിസര്‍ക്കാര്‍ ആവര്‍ത്തിച്ചു. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണത്തിന് തല്‍സ്ഥതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിടണമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസില്‍ കോടതി നാളെ വാദം കേള്‍ക്കും. കേസില്‍ കക്ഷിചേരാന്‍ കേരളത്തില്‍ നിന്നുള്ള മുന്നാക്കസമുദായക്ഷേമ മുന്നണി എന്ന സംഘടന അപേക്ഷ നല്‍കി. ഹാത്രസില്‍ മേല്‍ജാതിക്കാര്‍ക്കെതിരായ തെറ്റായ പ്രചാരണം തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇതിനിടെ, ഹാത്രസിലെ സസ്നി ഗ്രാമത്തില്‍ നാലുവയസുള്ള ബാലിക പീഡനത്തിനിരയായി. കുട്ടിയെ പീഡിപ്പിച്ച പ്രതിയായ ബന്ധുവിനെ പൊലീസ് അറസ്റ്റുചെയ്തു. യു.പിയിലെ ചിത്രകൂട്ടില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടി ആത്മഹത്യചെയ്തു. പ്രതാപ്ഗഡില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടി കിണറ്റില്‍ചാടി ജീവനൊടുക്കി.