കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നൂറു വര്‍ഷങ്ങളെ കുറിച്ചുള്ള  ചര്‍ച്ചകളിൽ മറക്കാൻ പാടില്ലാത്ത പേരാണ് എം. ശിങ്കാരവേലു ചെട്ടിയാരുടേത്. ചെന്നൈ കലക്ട്രേറ്റിലേക്കെത്തുമ്പോള്‍  ഒരു പ്രതിമയാണ് ആദ്യം കാണുക. എം.ശിങ്കാരവലു ചെട്ടിയാരെന്ന കമ്മ്യൂണിസ്റ്റിന്റെ പ്രതിമയാണിതെന്ന്   ചെന്നൈയുടെയും  കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ചരിത്രം അറിയാത്തവർ ഒന്ന് അമ്പരക്കും. ബഹുനില കലക്ട്രേറ്റ് മന്ദിരവും ശിങ്കാരവേലു ചെട്ടിയാരുടെ  പേരിലാണ്. എം.ശിങ്കാരവേലു മാളികൈ.

കാണ്‍പൂര്‍ സമ്മേളന അധ്യക്ഷന്‍ എന്ന പേരിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ ചെന്നൈക്കാരന്‍  ശിങ്കാരവേലു ചെട്ടിയാരെ രേഖപെടുത്തിയിരിക്കുന്നത്. പക്ഷേ കലക്ട്രേറ്റില്‍ നിന്നിറങ്ങി അല്‍പം കൂടി നടന്നാല്‍ മറീന ബീച്ചിലെത്താം. അവിടെ സ്വാഗതം ചെയ്യുന്നത്  ഈ പ്രതിമയാണ്. സംഘബോധത്തിന്റെയും അവകാശപോരാട്ടങ്ങളുടെയും  പ്രതീകമായ ലേബര്‍ സ്റ്റാച്ച്യൂ. കാണ്‍പൂര്‍ സമ്മേളനം നടക്കുന്നതിനു വര്‍ഷങ്ങള്‍ക്കു  മുമ്പ്  ആദ്യമായി ചെങ്കൊടിയേന്തി  മേയ്ദിനം ആഘോഷിച്ചത് ഇവിടെയാണ്. സംഘടിപ്പിച്ചതാവട്ടെ സിങ്കാരവേലുവും. തീര്‍ന്നില്ല. 1918 ല്‍ രാജ്യത്തെ ആദ്യത്തെ  തൊഴിലാളി സംഘടന മദ്രാസ് ലേബര്‍ യൂണിയന്‍ രൂപീകരിച്ചു തൊഴിലാളികള്‍ക്കു വേണ്ടി വിപ്ലവം നടത്തിയതും മറ്റാരുമില്ല

 കാണ്‍പൂര്‍ സമ്മേളനത്തിനു ശേഷം  ജാതി വിവേചനങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ പെരിയാര്‍ക്കൊപ്പമായിരുന്നു  സിങ്കാരവേലു ചെട്ടിയാര്‍. മുപ്പതുകളില്‍ തെറ്റിപിരഞ്ഞപ്പോഴും   ചെട്ടിയാരുടെ  ശാസ്ത്ര ലേഖനങ്ങള്‍ സ്വന്തം പത്രത്തില്‍ പ്രസിദ്ധീകരിച്ചായിരുന്നു പെരിയാര്‍   ആദരം പ്രകടിപ്പിച്ചിരുന്നത്.

ഇഗ്ലീഷും ഫ്രഞ്ചുമുൾപ്പെടെ 5 ഭാഷകൾ അറിയാമായിരുന്ന ശിങ്കാരവേലു മദ്രാസ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്നു. കോൺഗ്രസ് പ്രവർത്തകനായി സ്വാതന്ത്ര്യ സമരത്തിൽ സജീവമായി.   1946 ല്‍ 86 വയസിലായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ചെന്നൈയുടെയും ചരിത്രത്തില്‍ ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത വിപ്ലവകാരിയുടെ അന്ത്യം.