TAGS

രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിന് പൊതുപരീക്ഷ വരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏര്‍പ്പെടുത്താനാണ് നീക്കം. പരീക്ഷയുടെ നടപടിക്രമം തീരുമാനിക്കാന്‍ ഏഴംഗ വിദഗ്ധ സമിതി രൂപീകരിച്ചു. ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കും.

ഉയര്‍ന്ന കട്ട് ഒാഫ് മാര്‍ക്ക് കാരണം വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനത്തിന് വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ട്. പല സര്‍വകലാശാലകളും സ്വന്തം നിലയ്ക്ക് പരീക്ഷ നടത്തുന്നതിനാല്‍ ഒന്നിലധികം പ്രവേശനപരീക്ഷകള്‍ എഴുതേണ്ടിവരുന്ന സാഹചര്യം. പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പിലും മാനവീക വിഷയങ്ങളിലും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ മാര്‍ക്കിലെ അന്തരം. ഇവയെല്ലാം കണക്കിലെടുത്താണ് കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് രാജ്യമാകെ ഒറ്റ പരീക്ഷ നടത്തുകയെന്ന തീരുമാനത്തിലേയ്ക്ക് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം എത്തിച്ചേര്‍ന്നത്.  പരീക്ഷ നടത്തിപ്പിന് നടപടിക്രമം തീരുമാനിക്കാന്‍ പഞ്ചാബ് കേന്ദ്രസര്‍വകലാശാല വൈസ്ചാന്‍സലര്‍ പ്രഫസര്‍ ആര്‍.പി തിവാരി അധ്യക്ഷനായ ഏഴംഗ സമിതി രൂപീകരിച്ചു.  ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും.

ദേശീയ ടെസ്റ്റിങ് ഏജന്‍സിക്കാക്കും പരീക്ഷാ നടത്തിപ്പ് ചുമതല. പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാകും. ഭാഷ അഭിരുചി, ലോജിക്കല്‍ റീസണിങ് തുടങ്ങിയവ പരിശോധിക്കാന്‍ പൊതുപരീക്ഷാ പേപ്പറുണ്ടാകും. ഒപ്പം ബിരുദ പഠനത്തിന് ആഗ്രഹിക്കുന്ന വിഷയുമായി ബന്ധപ്പെട്ട പരീക്ഷയുമുണ്ടാകും. വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശന പരീക്ഷ നടത്താനാണ് ആലോചനയെങ്കിലും ആദ്യ വര്‍ഷങ്ങളില്‍ ഒരു തവണയേ പരീക്ഷയുണ്ടാകൂ.