രാജ്യത്ത് പുള്ളിപ്പുലികളുടെ എണ്ണത്തിലുണ്ടായ വർധനവ് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2014 നും 2018 നും ഇടയിൽ ഇന്ത്യയിൽ പുള്ളിപ്പുലികളുടെ എണ്ണം 60 ശതമാനത്തിലധികം വർധിച്ചുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

‘2014ൽ 7,900 പുള്ളിപ്പുലികളാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാൽ 2019 ആയപ്പോഴേക്കും ഇതിന്റെ എണ്ണം 12,852 ആയി ഉയർന്നു. ജിം കോർബറ്റ് ദേശീയ ഉദ്യാനത്തിലാണ് പുള്ളിപ്പുലികളെ കൂടുതലായി കണ്ടുവരുന്നത്. പുള്ളിപ്പുലിയെ പ്രകൃതിയിൽ അലഞ്ഞുതിരിയുന്നത് കണ്ടിട്ടില്ലാത്തവർക്ക് സങ്കൽപ്പിക്കാൻ കഴിയില്ല, അതിന്റെ സൗന്ദര്യം.’ മോദി പറഞ്ഞു. ഇന്ത്യയിൽ സിംഹങ്ങളുടെയും കടുവകളുടെയും എണ്ണം വർധിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു.