'നൗഷേര സിംഹം' - ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍. രാജ്യം ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്ത വീരപുത്രന്‍. ‍1947-48 കാലത്തെ ഇന്ത്യാ–പാക് യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഏറ്റവും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍. വിഭജനകാലത്ത് പാക്കിസ്ഥാന്‍ വാഗ്ധാനം ചെയ്ത് പരമോന്നത സൈനിക പദവി പോലും വേണ്ടെന്ന് വച്ച് മതേതരക്കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ മണ്ണില്‍ ഉറച്ചുനിന്ന് ധീരദേശാഭിമാനി. അത്ര ശുഭകരമല്ലാത്ത ഒരു വാര്‍ത്തയിലൂടെ മുഹമ്മദ് ഉസ്മാനെ രാജ്യം കഴിഞ്ഞദിവസങ്ങളില്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുത്തു. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയ്‍ക്കുള്ളിലുള്ള ഖബറിസ്ഥാനിലാണ് മുഹമ്മദ് ഉസ്മാന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദേഹത്തിന്റെ ഖബറിടം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. അതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. കരസേനയുടെ ഉന്നതനേതൃത്വം തന്നെ നേരിട്ട് ഇടപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. മൂന്നാംപക്കം ഇന്ന് കേടുപാടുകള്‍ തീര്‍ത്ത മുഹമ്മദ് ഉസ്മാന്റെ ഖബറിടം പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കഴിയും വിധം തുറന്നുകൊടുത്തു. ഇന്ത്യയ്‍ക്ക്, സൈന്യത്തിന് ആരാണ് ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍. 

 

പാക്കിസ്ഥാന്റെ വാഗ്ദാനങ്ങള്‍ തള്ളി

 

1912 ജൂലൈ 15ന് യുപിയിലെ അസംഗഡ് ജില്ലയിലെ ബീബിപൂരിലായിരുന്നു ഉസ്മാന്റെ ജനനം. റോയല്‍ മിലിട്ടറി അക്കാഡമിയില്‍ അഡ്മിഷന്‍ കരസ്ഥമാക്കി, 1934ല്‍ സെക്കന്‍ഡ് ലഫ്റ്റനന്റ്് ആയി. 1935ല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ബലൂച്ച് റജിമെന്റിന്റെ ഭാഗമായി. വിഭജനകാലത്ത് മേജറായിരുന്നു. ബലൂച്ച് റജിമെന്റിന്റെ ഭാഗമായിട്ടും ഇന്ത്യന്‍ ആര്‍മിയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് ഉസ്മാന്‍ വ്യക്തമാക്കി. ഭാവിയില്‍ സൈനിക മേധാവിയാക്കാമെന്ന മോഹനവാഗ്ധാനം പാക്കിസ്ഥാന്റെ രാഷ്ട്രീയ നേതൃത്വം മുന്നോട്ടുവച്ചെങ്കിലും ഉസ്മാന്‍ കുലുങ്ങിയില്ല. അങ്ങനെ വിഭജനാനന്തരം ഡോഗ്ര റജിമെന്റിന്റെ ഭാഗമായി.  അവിവാഹിതനായിരുന്നു മുഹമ്മദ് ഉസ്മാന്‍ തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും വിനിയോഗിച്ചിരുന്നത് പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ്. 

 

യുദ്ധമുഖത്ത് – നൗഷേര സിംഹം

ഒരു അര്‍ധരാത്രിയുടെ വ്യത്യാസത്തില്‍ ജന്മംകൊണ്ടു രണ്ടുരാജ്യങ്ങള്‍– ഇന്ത്യയും പാക്കിസ്ഥാനും. പിറവിക്ക് പിന്നാലെ യുദ്ധഭൂമിയില്‍ ഇരുരാജ്യങ്ങളും ഏറ്റുമുട്ടി. 1947ല്‍ അതിര്‍ത്തിയില്‍ പാക്ക് കാലനക്കം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ മുഹമ്മദ് ഉസ്മാനെ സൈന്യം അവിടേക്ക് അയച്ചു. 77-ാം പാരച്യൂട്ട് ബ്രിഗേഡിന്റെ ഭാഗമായിരുന്നു അന്ന് ഉസ്മാന്‍. ഝാംഗറിലാണ് ബ്രിഗേഡിയര്‍ ഉസ്മാന്‍ ആദ്യം പാക്ക് പട്ടാളത്തെ നേരിട്ടത്. വന്‍മുന്നേറ്റം നടത്തി പാക്ക് പട്ടാളത്തെ തുരുത്തി. നൗഷേരയില്‍ പാക്ക് പട്ടാളത്തിന് വന്‍ ആള്‍നാശമാണ് മുഹമ്മദ് ഉസ്മാന്‍ വരുത്തിയത്. ആയിരത്തിലധികം പാക്ക് സൈനികരാണ് നൗഷേരയില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയ്‍ക്ക് നഷ്ടമായത് 33 സൈനികര്‍ മാത്രം. ഒടുവില്‍ ഉസ്മാന്റെ നലയ്‍ക്ക് പാക്കിസ്ഥാന്‍ 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഒരിക്കല്‍ സൈനിക മേധാവിയാക്കാമെന്ന് വാഗ്ദാനം ചെയ്ത അതേ രാജ്യം. നൗഷേരയിലെ മുന്നേറ്റത്തിലൂടെ മുഹമ്മദ് ഉസ്മാന്‍ നൗഷേര സിംഹമായി അറിയപ്പെടാന്‍ തുടങ്ങി. 1947ന്റെ അവസാനം കൈവിട്ടുപോയ ഝാംഗര്‍ പിടിച്ചെടുക്കാതെ കിടക്കയില്‍ കിടന്ന് ഉറങ്ങില്ലെന്ന് ശപഥം ചെയ്ത മുഹമ്മദ് ഉസ്മാന്‍ തറയില്‍ പായ വിരിച്ചാണ് ഉറങ്ങിയിരുന്നത്. ഒടുവില്‍ 1948ല്‍  ജൂലൈയില്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്്റെ നേതൃത്വത്തില്‍ തന്നെ ഇന്ത്യ ഝാംഗര്‍ പിടിച്ചെടുത്തു. പക്ഷെ പാക്കിസ്ഥാന്‍ അവിടെ ശക്തമായ ആക്രമണം തുടര്‍ന്നു. 1948 ജൂലൈ മൂന്നിന് 36 വയസ് തൊട്ടരികില്‍ നില്‍ക്കെ മുഹമ്മദ് ഉസ്മാന്‍ യുദ്ധഭൂമിയില്‍ വീരമൃത്യുവരിച്ചു. രാജ്യം തേങ്ങി. 

 

നെഹ്‍റു പങ്കെടുത്ത ഖബറടക്കം

 

ബ്രിഗേഡിയര്‍ ഉസ്മാന് അര്‍ഹിക്കുന്നവിടവാങ്ങലാണ് അന്ന് രാജ്യം നല്‍കിയത്. ഖബറടക്കത്തില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, രാജഗോപാലാചാരിയും മുതിര്‍ന്നമന്ത്രിമാരും അടക്കം പ്രമുഖര്‍ പങ്കെടുത്തു. യുദ്ധകാലത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സൈനിക ബഹുമതിയായ മഹാവീര്‍ചക്ര നല്‍കി മരണാനന്തരം രാജ്യം ഓര്‍മിക്കുകയും ചെയ്തു.