modi-air-india-one

‌അതിസുരക്ഷാ ബോയിങ് 777 വിമാനത്തിൽ ആദ്യ വിദേശയാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ വിമാനത്തിലെ മോദിയുടെ യാത്ര അയൽരാജ്യമായ ബംഗ്ലദേശിലേക്കായിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ എന്ന വിമാനത്തോട് കിടപിടിക്കുന്ന സൗകര്യങ്ങളും സുരക്ഷയുമുണ്ട് മോദിയുടെ ഇന്ത്യൻ എയർഫോഴ്സ് വണ്ണിന്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ സുരക്ഷിതയാത്രയ്ക്കായി രണ്ടു ബി 777– 337 ഇആർ വിമാനങ്ങളാണ് ഇന്ത്യ ബോയിങ്ങിൽ നിന്ന് വാങ്ങിയത്. തുടർന്ന് അമേരിക്കയില്‍ നിന്ന് സുരക്ഷാ സംവിധാനങ്ങളും മോഡിഫിക്കേഷനുകളും വരുത്തിയാണ് വിവിഐപി യാത്രകള്‍ക്കായി സജ്ജമാക്കിയത്.

വ്യോമസേന പൈലറ്റുമാര്‍ പറത്തുന്ന വിമാനത്തിന്റെ പരിപാലനം എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് നിര്‍വഹിക്കും. ഈ വിമാനങ്ങള്‍ പറത്താന്‍ ആറു പൈലറ്റുമാര്‍ക്ക് വ്യോമസേന പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. രണ്ടു ദീര്‍ഘദൂര ബോയിങ് 777 വിമാനങ്ങളിലാണ് പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നതോടെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ 'എയര്‍ഫോഴ്സ് വണ്ണിനു' തുല്യമാകും എയര്‍ ഇന്ത്യ വണ്ണും.

ആഡംബര സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയാണ് ബോയിങ് 777 എയര്‍ ഇന്ത്യ സജ്ജമാക്കുന്നത്. വൈഫൈ, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. നിലവില്‍ പ്രധാനമന്ത്രിയുടെയും മറ്റും യാത്രകള്‍ക്കായി എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനമാണ് ഉപയോഗിക്കുന്നത്. ഈ വിമാനത്തില്‍ നിന്നു വ്യത്യസ്തമായി ബോയിങ് 777 നു തുടര്‍ച്ചയായി യുഎസ് വരെ പറക്കാനാകും. രണ്ട് ജിഇ 90–115 എൻജിനുകളാണ് വിമാനത്തിന് കരുത്തേകുന്നത്. ഏകദേശം 8458 കോടി രൂപയാണ് വിമാനത്തിന്റെ വില.