ponnammal

വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശാല ബി.പൊന്നമ്മാള്‍ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. തിരുവനന്തപുരം വലിയശാലയിലെ വസതിയില്‍ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ ഒന്‍പതിന് ചാല ബ്രാഹ്മണ സമുദായ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ. 

സംഗീതം തന്നെ ജീവിതമാക്കിയ മഹാവിദുഷിമാത്രമായിരുന്നില്ല ശുദ്ധസംഗീതപാഠങ്ങള്‍ തലമുറകള്‍ക്ക് പകര്‍ന്നുനല്‍കിയ മഹാഗുരുകൂടിയായിരുന്നു പാറശാല പൊന്നമ്മാള്‍. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തോട് ചേര്‍ന്ന നവരാത്രി മണ്ഡപത്തില്‍ ആദ്യമായി കച്ചേരി അവതരിപ്പിച്ച വനിതയാണ് അവര്‍.

സ്വാതി തിരുനാള്‍ സംഗീത കോളജിലെ ആദ്യകാല വിദ്യാര്‍ഥികളിലൊരാളായ പൊന്നമ്മള്‍ ഹരികേശനല്ലൂര്‍ മുത്തയ്യഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍ എന്നിവരുടെ പ്രിയശിഷ്യയായിരുന്നു. അവിടെ നിന്ന സ്ഫുടംചെയ്തെടുത്ത സംഗീതം പിന്നീട് അവര്‍ തലമുറകളിലേക്ക് പകര്‍ന്നു. കോണ്‍ഹില്‍ സ്കൂളില്‍ സംഗീതാധ്യാപികയായി തുടങ്ങി ഔദ്യോഗിക ജീവിതം. പിന്നീട് സ്വാതിതിരുനാള്‍ കോളജില്‍ പ്രഫസറായി. തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് പ്രിന്‍സിപ്പലായാണ് വിരമിച്ചത്. നെയ്യാറ്റിന്‍കര വാസുദേവന്‍, എം.ജി. രാധാകൃഷ്ണന്‍, ഡോ.കെ. ഒാമനക്കുട്ടി തുടങ്ങിയരൊക്കെ പൊന്നമാളിന്റെ പ്രമുഖ ശിഷ്യഗണങ്ങളില്‍ ഉള്‍പ്പെടുന്നു.

2017 ല്‍ രാജ്യം പദ്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. സ്വാതി പുരസ്കാരം , ചെമ്പൈ പുരസ്കാരം ,സംഗീത നാടക അക്കാദമി പുരസ്കാരം അങ്ങനെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 2018 ല്‍ പാറശാല പൊന്നമ്മാളിനെക്കുറിച്ച് ഒരുവാര്‍ത്താചിത്രം പുറത്തിറക്കിയിരുന്നു. 'ഈ ജീവിതത്തിന്റെ പേര് സംഗീതം' എന്നായിരുന്നു ഡോക്യുമെന്ററിയുടെ പേര്.