biju-george-joseph-award

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചപ്പോൾ അക്കൂട്ടത്തിൽ രാജസ്ഥാനില്‍ വിജിലന്‍സ് എഡിജിപിയായ മലയാളി കെ.ബിജു ജോര്‍ജ് ജോസഫ് എന്നൊരു പേരുകൂടിയുണ്ട്. കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും ജീവിതം വഴിമുട്ടിച്ച കഴിഞ്ഞ വർഷം ഒട്ടേറെ മലയാളികൾക്ക് തുണയായത് ഈ ഉദ്യോഗസ്ഥനായിരുന്നു. നാട്ടിലേക്ക് തിരിച്ച അവർ വീടെത്തും വരെ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ തിരക്കിക്കൊണ്ടിരുന്ന ഈ ഉദ്യോഗസ്ഥനെ പറ്റി തിരിച്ചെത്തിയവർ അന്ന് ഒരുപാട് പറഞ്ഞിരുന്നു. മലയാളി വിദ്യാർഥികൾ അടക്കമുള്ള സംഘങ്ങളെ സർക്കാർ ചെലവിൽ കേരളത്തിൽ എത്തിക്കുന്നതിന് നേതൃത്വം നൽകിയത് ബിജു ജോര്‍ജ് ജോസഫായിരുന്നു. ഇപ്പോൾ അദ്ദേഹത്തെ തേടി വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും എത്തിയിരിക്കുന്നു.

തിരുവനനന്തപുരം സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 26 വർഷമായി രാജസ്ഥാൻ സേനയിലെ ഉദ്യോഗസ്ഥനാണ്. അ‍ഞ്ചു വർഷം സിബിഐയിലും പ്രവർത്തിച്ചിട്ടുണ്ട്. 1995 ബാച്ച് ഓഫിസറാണ്. രാജ്യം നൽകുന്ന ഈ ആദരം തന്നിലെ ഉത്തരവാദിത്തം കൂട്ടുന്നതായും നിറഞ്ഞ സന്തോഷത്തോടെ അദ്ദേഹം മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.

കേരളത്തില്‍ നിന്ന് പത്തുപേരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായത്. െഎജി സ്പര്‍ജന്‍ കുമാര്‍, എസ്പിമാരായ ബി കൃഷ്ണകുമാര്‍, ടോമി സെബാസ്റ്റ്യന്‍ എന്നിവര്‍ മെഡല്‍ നേടി. ഡിവൈഎസ്പിമാരായ അശോകന്‍ അപ്പുക്കുട്ടന്‍, എസ് അരുണ്‍ കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ബി സജി കുമാര്‍, എസ്ഐമാരായ വി.കെ ഗണേശന്‍, വി.പി.സിന്ധു, എഎസ്െഎമാരായ എസ്.സന്തോഷ് കുമാര്‍, എം.സി. സതീശന്‍ എന്നിവരും മെഡലിന് അര്‍ഹരായി. രാജസ്ഥാന്‍ കേഡര്‍ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ ഐ.ജി. ജോസ് മോഹനും മെഡലിന് അര്‍ഹനായി.