Andhra-Flood-04

ആന്ധ്രാപ്രദേശിന്റെ റായൽസീമ ജില്ലകളിലുണ്ടായ പ്രളയത്തിൽ മരണം പതിനേഴായി. അന്‍പതിലേറെപ്പേരെ കാണാതായി. അനന്തപൂര്‍ കാദ്രിയില്‍ കെട്ടിടം ഇടിഞ്ഞ് മൂന്ന് കുട്ടികളും ഒരു സ്ത്രീയും മരിച്ചു. കുടുങ്ങിക്കിടക്കുന്ന നാലുപേരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. ഇന്നു പുലര്‍ച്ചെയാണ് കെട്ടിടം തകര്‍ന്നത്. കാണാതായവരിൽ ഭൂരിപക്ഷം പേരും പ്രളയത്തിൽ ഒലിച്ചുപോയ മൂന്ന് ആഡ്രാ ആർ.ടി.സി ബസുകളിലെ യാത്രക്കാരാണ്. മഴ മാറിയെങ്കിലും പ്രളയജലം ഇറങ്ങി പോകാത്തതാണ് ദുരിതം ഇരട്ടിയാക്കുന്നത്. കടപ്പ ജില്ലയിലെ രാജപേട്ട അണക്കെട്ടിന്റെ ചില ഭാഗങ്ങൾ തകർന്നു. 300 മീറ്ററിലേറെ നീളമുള്ള മറ്റൊരു ചെക്ക് ഡാമും തകർന്നു. ചിറ്റൂർ, അനന്തപൂർ, കടപ്പ ജില്ലകളിലാണ് പ്രളയം കൂടുതൽ നാശനഷ്ടം വിതച്ചത്. മഴനിഴൽ പ്രദേശമായ റായൽസീമയിലെ നാലു ജില്ലകളിലേക്ക് വെള്ളമെത്തിക്കുന്ന തുംഗഭദ്ര  അണക്കെട്ടിൻ്റെ 12 ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നതാണ് പ്രളയത്തിന്  കാരണമായത്. അതേസമയം തിരുപ്പതി  ക്ഷേത്രത്തിലേക്കു ഭക്തരെ പ്രവേശിപ്പിക്കുന്നത് പുനരാരംഭിച്ചില്ല.