cochin-airport-tata-group

TAGS

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയിലെ എയര്‍ ഇന്ത്യയുടെ ഒാഹരിയും ടാറ്റ ഗ്രൂപ്പിന് ലഭിച്ചേക്കും. ഇന്ത്യയില്‍ വിമാനത്താവള നടത്തിപ്പില്‍ പങ്കാളിത്തമുള്ള ആദ്യ സ്വകാര്യ വിമാന കമ്പനിയായി ടാറ്റ ഗ്രൂപ്പ് മാറും. മൂന്ന് ശതമാനം ഒാഹരിയാണ് എയര്‍ ഇന്ത്യയ്ക്ക് വിമാനത്താവള കമ്പനിയിലുള്ളത്. 

 

2022 ജനുവരിയോടെ എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്‍റെ കൈകളിലാകും. കേന്ദ്രസര്‍ക്കാരിന്‍റെ ഒാഹരി വില്‍പ്പന കരാര്‍ അനുസരിച്ച് കൊച്ചി വിമാനത്താവള കമ്പനിയിലെ എയര്‍ ഇന്ത്യയുടെ ഒാഹരിയും കൈമാറ്റം ചെയ്യപ്പെടും. 45 കോടി രൂപയാണ് എയര്‍ ഇന്ത്യ കൊച്ചി വിമാനത്താവള കമ്പനിയില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള ഇന്ത്യയിലെ ആകെ യാത്രക്കാരില്‍ 15 ശതമാനവും കൊച്ചി വഴിയാണ്. 2019–20 വര്‍ഷത്തില്‍ വിമാനത്താവള കമ്പനിയുടെ ലാഭം 215 കോടി രൂപയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ, ഭാരത് പെട്രോളിയം, ഹഡ്കോ എന്നീ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ആകെ 10 ശതമാനത്തോളം ഒാഹരിയുണ്ട്. സ്വകാര്യവിമാന കമ്പനിക്ക് വിമാനത്താവളത്തിന്‍റെ ഒാഹരി ഉടമയാകുന്നതിന് നിയമപരമായി തടസമില്ല. കൂടുതല്‍ ഒാഹരികള്‍ ടാറ്റ വാങ്ങിക്കുമെന്ന് സൂചനയുണ്ട്. ടാറ്റയ്ക്ക് കൈമാറ്റം ചെയ്യപ്പെടാത്ത എയര്‍ ഇന്ത്യയുടെ ആസ്തികള്‍ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ്സ് ലിമിറ്റഡിലേയ്ക്ക് മാറ്റും. ഹോട്ടല്‍ കോര്‍പറേഷന്‍ ഒാഫ് ഇന്ത്യ, എയര്‍ ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസസ്, എയര്‍ലൈന്‍ അലൈഡ് സര്‍വീസസ്, എയര്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് എന്നീ സ്ഥാപനങ്ങളിലെ എയര്‍ ഇന്ത്യയുടെ ഒാഹരിയാണ് എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ്സ് ലിമിറ്റഡിലേക്ക് മാറ്റുക. ഇതിന് നടപടി ആരംഭിച്ചു കഴിഞ്ഞു.