അബുദാബിയിൽ എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടായ സ്ഫോടനത്തിൽ മൂന്നുമരണം. രണ്ടു ഇന്ത്യക്കാരും ഒരുപാക് സ്വദേശിയും മരിച്ചു. ഡ്രോൺ ആക്രമണമാണെന്നു സംശയിക്കുന്നതായി അബുദാബി പൊലീസ് വ്യക്തമാക്കി. അതേസമയം, അബുദാബിയിൽ സൈനികനടപടിയാണു നടത്തിയതെന്നവകാശപ്പെട്ട് യെമനിലെ ഹൂതി വിമതർ രംഗത്തെത്തി. അബുദാബി മുസഫ വ്യവസായ മേഖല മൂന്നിൽ അബുദാബി ദേശീയ എണ്ണ കമ്പനിയുടെ സ്റ്റോറേജിനു സമീപം ഇന്നു രാവിലെയാണ് സ്ഫോടനമുണ്ടായത്. തീപിടുത്തമുണ്ടാവുകയും തുടർന്നു സ്ഫോടനം സംഭവിക്കുകയുമായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ മൂന്നുപേർ മരിക്കുകയും ആറുപേർക്കു പരുക്കേൽക്കുകയും ചെയ്തതായി യുഎഇ ഔദ്യോഗിക വാർത്തഏജൻസി സ്ഥീരീകരിച്ചു.
അബുദാബി വിമാനത്താവളത്തിനു സമീപം നിർമാണം നടക്കുന്നിടത്തു തീപിടുത്തമുണ്ടായതായും പൊലീസ് അറിയിച്ചു. രണ്ടിടത്തേയും അപകടത്തിനു കാരണം ഡ്രോൺ ആക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. യുഎഇയുടെ തലസ്ഥാന എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിൽ നടന്ന സംഭവത്തിൻറെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തു. സൈനികനടപടിയായിരുന്നുവെന്നാണ് ഹൂതി വിമതരുടെ അവകാശവാദം. യെമനിലെ സനാ വിമാനത്തവളത്തിൽ നിന്നും ഡ്രോണുകൾ പറന്നുയർന്നതായി സൌദി സഖ്യസേന സ്ഥീരീകരിച്ചിട്ടുണ്ട്. സൌദിക്കുനേരേ തുടർച്ചയായി ആക്രമണം നടത്തുന്ന ഹൂതി വിമതർ യുഎഇയെ നേരിട്ടു ആക്രമിച്ചതായി അവകാശപ്പെടുന്നത് ആദ്യമായാണ്. കഴിഞ്ഞ ആഴ്ച യുഎഇയുടെ ഒരു ചരക്കുകപ്പൽ ഹൂതി വിമതർ തട്ടിയെടുത്തിരിക്കുന്നു. അതിനു പിന്നാലെയാണ് വീണ്ടും ആക്രമണം നടത്തിയതായി ഹൂതി വിമതർ അവകാശവാദം ഉന്നയിക്കുന്നത്.