അതിരപ്പിള്ളിയില്‍ അഞ്ചുവയസുകാരിയെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ചാലക്കുടി അതിരപ്പിള്ളി സംസ്ഥാനപാത ഉപരോധിക്കുന്നു. റോഡിന്‍റെ പലഭാഗത്തും വഴിതടയല്‍ സമരം തുടരുകയാണ്. ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ തടഞ്ഞിട്ടിരിക്കുന്നു. പ്രദേശത്ത് കാട്ടാന ഇറങ്ങുന്നത് തടയാന്‍ ശാശ്വതപരിഹാരം വേണമെന്നാണ് ആവശ്യം. മരിച്ച മാള പുത്തന്‍ചിറ കഴക്കുംമുറി സ്വദേശിനിയായ ആഗ്നിമയുടെ പോസ്റ്റുമോര്‍ട്ടവും സംസ്കാരവും ഇന്ന് നടക്കും. ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയുടെ അച്ഛന്‍ നിഖില്‍, ബന്ധു ജയന്‍ എന്നിവര്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആഗ്നിമയുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം നല്‍കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.