ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഡിഷണൽ പി.എ ആയി ബിജെപി സംസ്ഥാന സമിതി അംഗമായ ഹരി എസ്.കർത്തയെ നിയമിച്ചു. നിയമനത്തിൽ ഉള്ള വിയോജിപ്പ് മുഖ്യമന്ത്രി ഫയലിൽ കുറിച്ചു. രാഷ്ട്രീയ പ്രവർത്തകനെ രാജ്ഭവനിൽ നിയമിക്കുന്നതിലുള്ള അതൃപ്തി രേഖാമൂലംഅറിയിച്ചു കൊണ്ടാണ് പൊതുഭരണ വകുപ്പ് സെകട്ടറി നിയമന ഉത്തരവ് രാജ്ഭവന് കൈമാറിയത്. ബി.ജെ.പി സംസ്ഥാന സമിതി അംഗവും മുൻ മാധ്യമ പ്രവർത്തകനുമാണ് ഗവർണറുടെ അഡിഷണൽ പി.എ ആയി നിയമിതനായ ഹരി എസ് കർത്ത. സജീവ രാഷ്ട്രീയ പ്രവർത്തകനും സംഘ പരിവാർ ആശയങ്ങളുടെ വക്താവുമായ കർത്തയെ രാജ്ഭവനിൽ നിയമിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത വിയോജിപ്പുണ്ട്. ഇത് മുഖ്യമന്ത്രി ഫയലിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ നിലപാടിന് തുടർച്ചയെന്നോണം പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ. ജോതിലാൽ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ രേഖാമൂലം അതൃപ്തി അറിയിച്ചു. രാഷ്ട്രീയ പ്രവർത്തകരെയോ സജീവ രാഷ്ട്രീയ ബന്ധം പുലർത്തുന്നവരെയാ നിയമിക്കാറില്ല. അത്തരം നിയമനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. നിലവിലെ കീഴ്‌വഴക്കവും ഇതാണ്. എന്നാലും ഗവർണർ മുന്നോട്ടുവെച്ച ആവശ്യം അംഗീകരിക്കുന്നു എന്നാണ് കെ.ആർ. ജ്യോതി ലാലിന്റെ കത്ത് പറയുന്നത്. സർക്കാരും ഗവർണരും ഒത്തുകളിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹരി എസ്. കർത്ത യുടെ നിയമനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചിരുന്നു.
ലോകായുക്ത ഓർഡിനസിൽ ഗവർണർ ഒപ്പിട്ടതിന് പിറകെ ബിജെപി പ്രവർത്തകനെ സർക്കാർ രാജ്ഭവനിൽ നിയമിച്ചു എന്നാണ് പ്രതിപക്ഷം പറയുന്നത്. ഇതിനുള്ള മറുപടി കൂടിയാണ് പൊതു ഭരണ സെക്രട്ടറിയുടെ കത്ത്. 50200 - 105300ശമ്പള സ്കെയിലാണ് ഹരി. എസ്. കർത്തയുടെ നിയമനം. ഗവർണർ തൽസ്ഥാനത്ത് തുടരും വരെയാണ് നിയമന കാലാവധി. സംസ്ഥാന ചരിത്രത്തിൽ അടുത്തിടെയൊന്നും രാഷ്രീയ പാർട്ടികളിൽ അംഗത്വമുള്ളവരെ രാജ്ഭവനിൽ നിയമിച്ചിട്ടില്ല.