TAGS

സജീവവും ചടുലവും ആയി ഇടപെട്ടു സ്വന്തമായ നിലപാടുകൾ ഉണ്ടായിരുന്ന നേതാവാണ് അന്തരിച്ച എംഎൽഎ പി ടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തില്ല. ചില നിലപാടുകൾ വ്യക്തി നിഷ്ഠമായിരുന്നു. ഇത് അദ്ദേഹത്തിന്റെ പാർട്ടിയിൽ പോലും വേറിട്ട വ്യക്തിത്വമാക്കി. ദുഖകരമാണ് പി ടിയെ നഷ്ടപ്പെട്ടത്. പരിസ്ഥിതി എഴുത്ത്, വായന എന്നിവ കൂടെ കൊണ്ടു നടന്നു. മതനിരപേക്ഷത കുടുംബത്തിലും രാഷ്ട്രീയത്തിലും കൂടെ കൊണ്ടു നടന്നു. കേട്ടില്ല എന്നു നടിക്കാൻ ആർക്കും കഴിയാത്ത ശബ്ദമായിരുന്നു പി ടിയുടേതെന്നും മുഖ്യമന്ത്രി സഭയിൽ അനുസ്മരിച്ചു. ജാഗ്രതയോടെയും ശക്തമായും ഇടപെട്ട സാമാജികനായിരുന്നു പി ടി തോമസെന്ന് സ്പീക്കറും പറഞ്ഞു.

ഉൾക്കൊള്ളാനാവുന്നില്ല പി ടിയുടെ കടന്നുപോക്കെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വ്യത്യസ്തൻ നിലപാടുകളിൽ ഉറച്ചു നിന്നു. വിദ്യാർഥി യുവജന രാഷ്ട്രീയത്തിലെ അഗ്നി അവസാനം വരെ കെടാതെ സൂക്ഷിച്ചു. ഓരോ നിയോഗവും പൂർണമായി നടപ്പാക്കി. പരിസ്ഥിതി നിലപാടുകൾ പല പ്രയാസങ്ങളും നേരിട്ടെങ്കിലും പിന്നോട്ടു പോയില്ല. പി ടി ഒരു പോരാളിയായിരുന്നു. എല്ലാ പോരാട്ടങ്ങളുടെയും കുന്തമുനയായി നിന്നു. ജാതി മത ചിന്തകൾക്ക് അതീതനായി നിന്നു. വരും നാളുകളിൽ പിടിയുടെ ഓർമകൾ വഴിയിലെ പ്രകാശമായിരിക്കുമെന്നും സതീശൻ അനുസ്മരിച്ചു.