TAGS

ആലപ്പുഴ നൂറനാട്ട് പ്രഭാത സവാരിക്കാർക്കിടയിലേക്ക്  ടോറസ് ലോറി പാഞ്ഞുകയറി മൂന്ന് മരണം. നിർത്താതെ പോയ ലോറി ഡ്രൈവർ പിന്നീട് നൂറനാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രഭാത സവാരിക്കിറങ്ങിയ സുഹൃത്തുക്കളായ നാലുപേരെയാണ് ലോറി ഇടിച്ചു വീഴ്ത്തിയത്. നൂറനാട് എരുമക്കുഴി സ്വാദേശികളായ വി.എം.രാജു, വിക്രമൻ നായർ , രാമചന്ദ്രൻ നായർ എന്നിവരാണ് മരിച്ചത്. 

 

രാജു സംഭവ സ്ഥലത്തും മറ്റ് രണ്ടു പേരും ആശുപത്രിയിലുമാണ് മരിച്ചത്.  പരിക്കേറ്റ രാജശേഖരൻ നായർ ആശുപത്രിയിൽ ചികിൽസയിലാണ്. അപകടത്തിൽപ്പെട്ട നാലുപേരും എല്ലാ ദിവസവും ഒരുമിച്ച് പ്രഭാത സവാരിക്കിറങ്ങുന്നവരാണ്. പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ ലോറി ഇടിക്കുകയായിരുന്നു. റോഡിന്റെ ഘടനയാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇടിച്ചശേഷം നിർത്താതെ പോയ ലോറിയുടെ ഡ്രൈവർ പള്ളിക്കൽ സ്വദേശി അനീഷ് മോൻ പിന്നീട് നൂറനാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ലോറിയും കസ്റ്റഡിയിലെടുത്തു.  മിക്കയിടത്തും നടക്കാനുള്ള വീതിയില്ലാതെയും , ഓടകൾ മൂടാതെയും കിടന്ന സ്ഥലത്താണ് അപകടമുണ്ടായത്

 

കൊല്ലം ബൈപാസിൽ കല്ലുംതാഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാറാണ് മരിച്ചത്. സുനിൽ ഓടിച്ചിരുന്ന  ലോറിയുമായി കൂട്ടിയിടിച്ച ടിപ്പർ ഡ്രൈവർക്കും ഗുരുതര പരുക്കേറ്റു. പുലർച്ചെ അഞ്ചിനായിരുന്നു അപകടം. ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. അപകടകാരണം വ്യക്തമല്ല.  ഉറങ്ങിപ്പോയതാണോ അപകടത്തിനിടയാക്കിയത് എന്ന് സംശയമുണ്ട്.