ടെന്നിസ് ലോകത്തെ ഞെട്ടിച്ച് ലോക ഒന്നാം നമ്പര്‍ വനിത ടെന്നിസ് താരം ആഷ്‌ലി ബാര്‍ട്ടി വിരമിച്ചു. മറ്റ് സ്വപ്നങ്ങള്‍ പിന്തുടരുന്നതിനാണ് ഇപ്പോള്‍ വിരമിക്കുന്നതെന്ന് 25കാരിയായ ആഷ്‌ലി ബാര്‍ട്ടി പറഞ്ഞു. ടെന്നിസ് കോര്‍ട്ടില്‍ നിന്ന് ഗോള്‍ഫിലേക്കാണോ ക്രിക്കറ്റിലേക്കാണോ അതോ മറ്റേതെങ്കിലും കരിയറിലേക്കാണോ എന്നറിയാന്‍ നാളത്തെ വാര്‍ത്താസമ്മേളനം വരെ കാത്തിരിക്കണം. കളം നിറഞ്ഞ് വേറിട്ട ഷോട്ടുകളുടെ മായികപ്രഞ്ചം തീര്‍ത്താണ് ലോക ഒന്നാം നമ്പറിലേക്ക് ആഷ്്ലി ബാര്‍ട്ടി കയറിയത്. ഫോര്‍ഹാന്ഡിലു ബാക്്ഹാന്ഡിലും കരുത്തുറ്റ ഗ്രൗണ്ട് സ്ട്രോക്കുകളും തീര്‍ത്ത് ആഷ് കളത്തില്‍ മിന്നിത്തിളങ്ങി. വിംബിള്‍ഡണ്‍ കിരീടം ആയിരുന്ന ആഷ്്ലിയുടെ സ്വപ്നം. അത് 2021ല്‍ നേടി. റാക്കറ്റ് താഴെവയ്ക്കാനുള്ള ശരിയായ സമയം എന്ന് പറഞ്ഞാണ് ഓസ്ട്രേലിയന്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
മൂന്നുവര്‍ഷം തുടര്‍ച്ചയായി ഒന്നാം നമ്പറില്‍ നില്‍ക്കുന്ന ആഷ്് 2014ലും ടെന്നിസ് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. അന്ന് ടെന്നിസില്‍ നിന്ന് കുറച്ചുകാലത്തേക്ക് മാറിനിന്നുകൊണ്ടായിരുന്നു ആ ഞെട്ടിക്കല്‍. ഈ കാലയളവില്‍ ഓസ്്ട്രേലിയന്‍ ക്രിക്കറ്റ് ലീഗില്‍ കളിച്ചു. രണ്ടുവര്‍ഷത്തിനുശേഷം ടെന്നിസ് കോര്‍ട്ടില്‍ തിരിച്ചെത്തി. 2018ല്‍ യുഎസ് ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടി ആദ്യ ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കി. 2019ല്‍ ഫ്രഞ്ച് ഓപ്പണും 2021ല്‍ വിംബിള്‍ഡണും 2022ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും നേടി. നാലാം വയസില്‍ ആണ് ആഷ് ടെന്നിസ് റാക്കറ്റ് കൈപ്പിടിയിലാക്കുന്നത്. പിന്നീട് ലോക ജൂനിയര്‍ രണ്ടാം നമ്പര്‍ താരമായി. സിംഗിള്‍സില്‍ 15 WTA കിരീടങ്ങളും 12 ഡബിള്‍സ് കിരീടങ്ങളും നേടിയിട്ടുണ്ട്. ടോക്കിയോ ഒളിംപിക്സ് ടെന്നിസ് ഡബിള്‍സില്‍ വെങ്കലം നേടിയിരുന്നു. മുമ്പ് തിളങ്ങിയ ക്രിക്കറ്റിലേക്കാണോ മുന്‍ ഗോള്‍ഫ് താരമായിരുന്ന അമ്മയുടെ വഴിയേ ആണോ ആഷ് ഇനി എത്തുക എന്ന് കാത്തിരുന്നുകാണാം.