പ്രശസ്ത നാടക ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസായിരുന്നു. കരൾ രോഗബാധയെ തുടർന്ന് ചികില്‍സയിലിരിക്കെ കൊല്ലം കേരളപുരത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ നടക്കും. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെയും ജാനകിയമ്മയുടെയും മകനായി ആലപ്പുഴയിലെ കൈനകരിയിലാണ് തങ്കരാജിന്റെ ജനനം. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോള്‍ ആദ്യനാടകത്തിൽ അഭിനയിച്ചു. വൈകാതെ അമേച്വർ നാടകരംഗത്ത് ശ്രദ്ധേയനായി. ഫാസിൽ, നെടുമുടി വേണു, ആലപ്പി അഷറഫ് തുടങ്ങിയവരുമായി മത്സരനാടകങ്ങളിൽ ഒരുമിച്ച് പ്രവർത്തനം. ആലപ്പുഴ യംഗ്‌സ്റ്റേഴ്‌സ് നാടക സമിതിയില്‍ അംഗമായിരിക്കെ തിരുവനന്തപുരം ആക്ടിന്റെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. 'ചങ്ങനാശേരി ഗീഥ'യുടെ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ട് പ്രൊഫഷണൽ നാടകരംഗത്തെത്തിയ തങ്കരാജ് പിന്നീട് കോട്ടയം നാഷനൽ തിയേറ്റഴ്സ് അടക്കം ഒട്ടേറെ സമിതികളുമായി സഹകരിച്ചു. കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ച് അഭിനയത്തിലേക്ക് കടന്ന തങ്കരാജിന്റെ ആദ്യ ചിത്രം പ്രേംനസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു. കെപിഎസിയുടെ പ്രധാന നടനും, കൺവീനറും സെക്രട്ടറിയുമൊക്കെയായി പ്രവർത്തിച്ചു. ചാലക്കുടി സാരഥി എന്ന സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച തങ്കരാജ് 1995 ൽ കൈനകരി തീയേറ്റേഴ്സ് എന്ന നാടക ട്രൂപ്പിന് തുടക്കമിട്ടു. നടൻ തിലകനുമായി ചേർന്ന് 'അമ്പലപ്പുഴ അക്ഷരജ്വാല' എന്നൊരു ട്രൂപ്പ് തുടങ്ങിയെങ്കിലും മുന്നോട്ടു പോയില്ല. അൻവർ റഷീദ് സംവിധാനം ചെയ്ത അണ്ണൻ തമ്പി എന്ന ചിത്രത്തിലൂടെ യായിരുന്നു സിനിമയിലേക്കുള്ള രണ്ടാം വരവ്. ചാലക്കുടി സാരഥി തീയേറ്റേഴ്സിൻ്റെ ഉടമസ്ഥരിലൊരാളായിരുന്ന ജോസ് പെല്ലിശ്ശേരിയുടെ മകൻ ലിജോ ജോസ് സംവിധാനം ചെയ്ത ആമേൻ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലിജോയുടെ തന്നെ ഈ. മ. യൗ. വിലെ 'വാവച്ചൻ മേസ്തിരി' എന്ന കഥാപാത്രം ഏറെ പ്രശംസ നേടിക്കൊടുത്തു....

 

അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യന്‍, ലൂസിഫർ, ഹോം എന്നീ സിനിമകളിലും അഭിനയിച്ചു. പതിനായിരത്തിലധികം നാടക വേദികളിലും 35 സിനിമകളിലും തിളങ്ങിയ തങ്കരാജിന്റെ വേർപാട് തീരാനഷ്ടമാണ്.

 

സപ്തതി വേളയില്‍ മലയാള മനോരമ പ്രസിദ്ധീകരിച്ച ജീവിതചിത്രം: ആലപ്പുഴയിലെ ഒരു നാട്ടുപ്രദേശമാണു കൈനകരി. കൈത്തോടുകളും നെൽപാടങ്ങളും നിറഞ്ഞ കുട്ടനാടൻ മണ്ണ്. ഇന്ന് അതു വെറുമൊരു മണ്ണല്ല. അതിന് ഒരു മനുഷ്യന്റെ രൂപവും ശബ്ദവും കൂടിയുണ്ട്; കരുമാടിക്കുട്ടന്റെ നാട്ടിൽ തങ്കശോഭയുള്ള ഒരു മനുഷ്യരൂപം– കൈനകരി തങ്കരാജ്. കേരളം ഉറക്കമൊഴിഞ്ഞിരുന്നു, ആ രൂപത്തിലേക്കു കഥാപാത്രങ്ങൾ പരകായപ്രവേശം നടത്തുന്നത് എത്രയോ കണ്ടിരിക്കുന്നു. അതേ, ആ തങ്കരാജ് സപ്തതിയുടെ നിറവിൽ. സാർഥകമായ 70 വർഷം.

 

1946 ഒക്ടോബർ 18. അന്നു തുലാം ഒന്നായിരുന്നു. അവിട്ടം നക്ഷത്രം. തങ്കരാജ് പിറന്നത് അന്നാണ്. നാടകനടനും ഭാഗവതരുമായ നാരായൺ കുട്ടിയും ജാനകിയമ്മയും മാതാപിതാക്കൾ. അച്ഛന്റെ നടനവാസന ഏക മകനിലേക്കും പടർന്നു. 13–ാം വയസ്സിൽ തങ്കരാജ് അഭിനയത്തിനു തട്ടേക്കയറി. ആരും വിളിച്ചു കയറ്റിയതല്ല. അതിനൊരു വാശിയുടെ കഥയുണ്ട്.

 

സ്കൂൾ വാർഷികത്തിന് അവതരിപ്പിക്കാൻ തിരഞ്ഞെടുത്തത്. കാനം ഇജെയുടെ 'മതിലുകൾ ഇടിയുന്നു' എന്ന നാടകമാണ്. നടൻമാരെ നിശ്ചയിക്കുന്നതിനു അധ്യാപകരുടെ 'സ്ക്രീൻ ടെസ്റ്റ്'. പതിമൂന്നുകാരനായ തങ്കരാജിനു മറ്റു പലരെയു പോലെ പുറത്തേക്കായിരുന്നു വഴി. പക്ഷേ പിന്മാറാൻ തങ്കരാജ് തയാറായില്ല. തിരസ്കരിക്കപ്പെട്ടവരെയെല്ലാം ചേർത്ത് ഉഷ തിയറ്റേഴ്സ് രൂപീകരിച്ചു. അതേ നാടകം അതിനെക്കാൾ മികവോടെ കൈനകരിയുടെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചു. സൗജന്യമായിട്ടായിരുന്നു അവതരണം. ഒരു നടനയാത്രയുടെ തുടക്കമായിരുന്നു അത്. എട്ടുവർഷം വിവിധ നാടകങ്ങളുമായി അമച്വർ വേദികളിൽ തങ്കരാജ് നിറഞ്ഞാടി. പേരിനു മുന്നിൽ നാടിന്റെ പേരു ചേർന്നു. തങ്കരാജ് കൈനകരി തങ്കരാജ് ആയിമാറി.

 

നാടകം ജീവിതം

 

ജീവിതവും നാടകവും തങ്കരാജിനു രണ്ട് അല്ലാതായി മാറി. 23–ാം വയസ്സിൽ നൂറനാട് ശിൽപശാലയിലൂടെ പ്രഫഷനൽ രംഗത്തേക്കു ചുവടുമാറ്റി. പിതാവിനോടൊപ്പം അഭിനയിച്ചിരുന്ന ഓച്ചിറ ശങ്കരൻകുട്ടി, അടൂർ പങ്കജം, മാവേലിക്കര പൊന്നമ്മ തുടങ്ങിയവരായിന്നു നാടകത്തിലെ മറ്റു താരങ്ങൾ. അടുത്ത വർഷം ആലപ്പുഴ യങ്സ്റ്റേഴ്സിന്റെ 'രാത്രി' നാടകത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം. തങ്കരാജ് പിന്നെ തിരിഞ്ഞു നോക്കിയില്ല. സമിതികളിൽ നിന്നു സമിതികളിലേക്ക്. വേദികളിൽ നിന്നു വേദികളിലേക്ക്. കെപിഎസിയിൽ ഒൻപതുവർഷം. ചങ്ങനാശേരി ഗീഥയിൽ അഞ്ചുവർഷം. ചാലക്കുടി സാരഥി ചരിത്രം എഴുതിയ 'ഫസകിൽ' 1400ലേറെ വേദികൾ. പിന്നെ കായംകുളം പീപ്പിൾസ്, ആലപ്പി തിയറ്റേഴ്സ്, കോട്ടയം നാഷനൽ, അടൂർ ജയ, ചേർത്തല ജൂബിലി, കൊച്ചിൻ ദൃശ്യകലാഞ്ജലി, അമ്പലപ്പുഴ അക്ഷരജ്വാല.. അങ്ങനെ ഒന്നാംകിട സമിതികളിൽ അമരക്കാരനായി. ഒടുവിൽ കൊട്ടാരക്കര ആശ്രയ സമിതിയിൽ. 57 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ 10,100 വേദികൾ. ഇത്രയും വേദികൾ പിന്നിട്ട ഒരു നാടക നടനും ഇന്നു മലയാള മണ്ണിൽ ജീവിച്ചിരിപ്പില്ലെന്നു പറയുന്ന തങ്കരാജ് ഇനി ഇത്രയും വേദി പിന്നിടാൻ ഒരു നടൻ ഉണ്ടാകില്ലെന്നും അടിവരയിടുന്നു. ഇതിനിടയിൽ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചെങ്കിലും ഏറെ താമസിയാതെ അത് ഉപേക്ഷിച്ചു നാടകത്തിനൊപ്പം നിന്നു.

 

കൈനകരിയിൽ നിന്നു കൈനഗിരിയിലേക്ക്

 

കൊല്ലം ആശ്രാമത്ത് ക്യാംപ് നടക്കുമ്പോൾ നാടക മുതലാളിമാർക്ക് അൽപം 'സൂക്കേട്'. ഞങ്ങൾ രണ്ടുപേർ ചേർന്ന് ഏറെ ബുദ്ധിമുട്ടിയാണു സമിതി നടത്തുന്നതെന്ന്, നാടകത്തെക്കുറിച്ച് അൽപജ്ഞാനികളായ അവർ തട്ടിവിട്ടു. എങ്കിൽ താൻ ഒറ്റയ്ക്കു രണ്ടു സമിതികൾ നടത്തുമെന്നു പറഞ്ഞു കൈനകരി ഇറങ്ങി. അങ്ങനെ സ്വന്തം സമിതി രൂപീകരിച്ചു. ഒന്നല്ല. രണ്ട്. കൈനഗിരി എയും ബിയും.

 

സമിതികൾക്കും നാടകത്തിനുമൊക്കെ പേരിടുമ്പോൾ ചില വിശ്വാസങ്ങളെ കൂട്ടുപിടിക്കാറുണ്ട്. അങ്ങനെ ജ്യോൽസ്യനെ കാണാൻ പോയി. ജ്യോൽസ്യനാണു നിർദേശിച്ചതു സമിതിക്കു കൈനഗിരി എന്നു പേരിടാൻ. കൈലാസം പോലെ ഉയർന്നു നിൽക്കുമെന്നു പറഞ്ഞു. ഒരെണ്ണം കുടുംബ സമിതിയായിരുന്നു കൈനകരിയും ഇളയമകൾ കൊച്ചുമോളും മരുമകൻ ചന്ദ്രനും ഒക്കെയായിരുന്നു നടീനടന്മാർ. കർട്ടൻകെട്ടാൻ മകൻ. തങ്കരാജ് നാല് നാടകം എഴുതി. പക്ഷേ നാടകത്തിന്റെ പുഷ്കരകാലം കഴിഞ്ഞിരുന്നു. കുട്ടനാട്ടിലെ പാടശേഖരങ്ങൾ ഒന്നൊന്നായി വിൽക്കേണ്ടിവന്നു. 18 വർഷം സ്വന്തം സമിതി നടത്തിയതിന്റെ ബാക്കിപത്രം.

 

നാടകത്തിലും പോരാട്ടം

 

ഒരു കാലത്തു നടന്മാരെ രണ്ടാംകിട പൗരന്മാരായിട്ടാണു സമിതികളുടെ ഉടമകൾ കണ്ടിരുന്നത്. നാടകത്തിനു പോകുമ്പോൾ താമസിക്കാൻ സൗകര്യം നൽകില്ല. അഞ്ചു വേദികളിൽ കളിച്ചാൽ ആറാമത്തെ വേദിയിലെ അഭിനയത്തിനു പണം നൽകില്ല. എപ്പോൾ വേണമെങ്കിലും പിരിച്ചുവിടും. അങ്ങനെ അനീതികൾ ഏറെ. തങ്കരാജ് നടന്മാരെ സംഘടിപ്പിച്ചു. ഇന്നത്തെ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ പ്രസിഡന്റും തങ്കരാജ് സെക്രട്ടറിയുമായി യൂണിയൻ രൂപീകരിച്ചു. അതിനെതിരെ സമിതി ഉടമകളും സംഘടിച്ചു. തങ്കരാജിന് ആറുവർഷം വിലക്ക്. സൂര്യസോമയുടെ കാട്ടുകുതിരയിലെ അവസരം നഷ്ടമായി (രാജൻ പി. ദേവ് ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്). എങ്കിലും ചൂഷണം കുറഞ്ഞു.

 

സിനിമയിലേക്കു വീണ്ടും

 

നാടകത്തിൽ നിറഞ്ഞാടുമ്പോൾ വെള്ളിത്തിരയിലേക്കു ക്ഷണം വന്നു. ഏതാനും ചലച്ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ കെപിഎസി തിരിച്ചുവിളിച്ചു; സിംഹം ഉറങ്ങുന്ന കാട്ടിൽ അഭിനയിക്കാൻ. തങ്കരാജ് ഉണ്ടെങ്കിലേ നാടകം നൽകൂ എന്നായിരുന്നു രചയിതാവായ എസ്.എൽ. പുരത്തിന്റെ ഡിമാൻഡ്. അങ്ങനെ വീണ്ടും നാടകത്തിലേക്ക്. ഇപ്പോൾ ആറുമാസമായി വീണ്ടും ചലച്ചിത്ര ലോകത്തേക്കു കടന്നു. നൂറിലേറെ പുരസ്കാരങ്ങൾ തങ്കരാജിനെ തേടിയെത്തി. ഒരു പുരസ്കാരവും വാങ്ങിയിട്ടില്ലെന്നും എല്ലാം വന്നു ചേർന്നതാണെന്നും കളങ്കമില്ലാതെ തങ്കരാജ് പറയും. 18 വർഷമായി കേരളപുരത്ത് 'കൈനിഗിരി'യിൽ താമസിക്കുന്ന കൈനകരി പെൻഷനുപോലും അപേക്ഷ നൽകിയിട്ടില്ല. നാടകവും കുടുംബവും തങ്കരാജിന് ഒന്നുപോലെയായിരുന്നു. കുടുംബത്തെ മറന്ന് ഒന്നും ചെയ്തില്ല. ഏറ്റവും ശാന്തമായി ജീവിക്കുന്ന നാടക നടൻ എന്ന് അഭിമാനം. ഒരുവേദന അപ്പോഴും ബാക്കിയുണ്ട്. കേരള സംഗീത നാടക അക്കാദമി പുരസ്കാരം നൽകാതെ ഈ കലാകാരനെ മാറ്റിനിർത്തുന്നു. എന്നാണ് അവർക്കു തിരിച്ചറിവ് ഉണ്ടാകുന്നത്. അതോ തിരിച്ചറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു പൊട്ടൻ കളിക്കുകയാണോ?.