hanumanstatue1

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ കൂറ്റന്‍ ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മോര്‍ബിയിലാണ് 108 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത്. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ശപഥത്തിന്റെ ഭാഗമാണ് പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള  നീക്കങ്ങള്‍ ബിജെപി ആരംഭിച്ചു കഴിഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോര്‍ബിയിലെ ബാപ്പു കേശവാനന്ദ ആശ്രമത്തില്‍ സ്ഥാപിച്ച 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി  അനാച്ഛാദനം ചെയ്തത്. സമാനമായി രാമേശ്വരം,  ബംഗാള്‍ എന്നിവിടങ്ങളിലും ഹനുമാന്‍ പ്രതിമകള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ഹനുമാന്‍ ചാര്‍ധാം പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തിന്റെ നാല് വശങ്ങളില്‍ കോടിക്കണക്കിന് രൂപ ചിലവിട്ട്  കൂറ്റന്‍ ഹനുമാന്‍ പ്രതിമകള്‍ നിര്‍മ്മിക്കുന്നത്.  ആദ്യ പ്രതിമ 2010ല്‍ ഷിംലയില്‍ സ്ഥാപിച്ചിരുന്നു. രാമേശ്വരത്ത് നിലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മൂന്നാമത്തെ പ്രതിമ ഈ വര്‍ഷം തന്നെ അനാച്ഛാദനം ചെയ്തേക്കും.