പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാൾ സന്ദർശിക്കാനിരിക്കെ ജമ്മു കശ്മീരിൽ മൂന്നിടത്ത് ഭീകരാക്രമണം. രണ്ട് സേനാംഗങ്ങൾക്ക് ജീവത്യാഗം. 6 ഭീകരരെ സൈന്യം വധിച്ചു. ആയുധങ്ങളും കണ്ടെടുത്തു. ബാരാമുള്ളയിൽ ഇന്നലെ പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്. ഒരിടവേളക്ക് ശേഷം ജമ്മു കശ്മീർ അതിർത്തി അശാന്തമായിരിക്കുകയാണ്. സുൻജ്വാൻ, ബാരാമുള്ള , ജമ്മു എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സേനയെ ലക്ഷ്യം വച്ചായിരുന്നു സുൻജ്വാൻ,  ജമ്മു എന്നിവിടങ്ങളിലെ ഭീകരാക്രമണം. പുലർച്ചെ 4.30 ക്ക് ഡ്യൂട്ടിക്ക് പോവുകയായിരുന്ന 15 സിഐഎസ്എഫ് ജവാൻമാർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ജമ്മുവിൽ ആക്രമണം ഉണ്ടായത്. സിഐഎസ്എഫ് സബ് ഇൻസ്പെക്ടർ വീരമ്യത്യു വരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഭീകരർ പുൽവാമ മാതൃകയിലുള്ള ആക്രമണം ലക്ഷ്യം വച്ചിരുന്നതായാണ് വിവരം.

സുൻജ്വാനിൽ സൈനിക കേന്ദ്രത്തിനടുത്തുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ആക്രമണത്തിൽ ഒരു ജവാന് ജീവൻ നഷ്ടമായി. നാല് പേർക്ക് പരുക്കേറ്റു.

 

ബാരാമുള്ളയിലെ മാൽവയിൽ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ 4 ഭീകരരെ വധിക്കാൻ സുരക്ഷാ സേനക്ക് ആയി. ലഷ്കറെ തോയ്ബ കമാണ്ടർ യൂസഫ് കന്ത്രുവും കൊല്ലപ്പെട്ട ഭീകരരിൽ പെടുന്നു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും ഒരു പ്രദേശവാസിക്കും പരുക്കേറ്റിട്ടുണ്ട്.