reshma-suspension

ഹരിദാസൻ വധക്കേസിലെ പ്രതി നിജിൽ ദാസിന് ഒളിവിൽ താമസിക്കാൻ സൗകര്യം ഒരുക്കി നൽകിയെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത രേഷ്മ ജോലിയിൽ നിന്ന് രാജിവെച്ചു. തലശ്ശേരി അമൃത വിദ്യാലയം സ്കൂളിലെ ജോലിയാണ് രാജി വെച്ചത്. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് രേഷ്മ നൽകിയ പരാതിയിൽ വസ്തുതയുണ്ടെങ്കിൽ നടപടി വേണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. 

 

കൊല കേസ് പ്രതിയ്ക്ക്  ഒളിവിൽ താമസിക്കാൻ സൗകര്യം ഏർപ്പെടുത്തിയെന്ന കുറ്റത്തിന്  രേഷ്മ അറസ്റ്റിലായതോടെ അമൃത സ്കൂൾ അധികൃതരും നടപടിയ്ക്ക് ഒരുങ്ങുകയായിരുന്നു. ഇതിനിടെയാണ് രാജി. അറസ്റ്റ് സ്കൂളിന് അവമതിപ്പ് ഉണ്ടാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് രാജി.

പ്രതിസ്ഥാനത്ത് സ്ത്രീകൾ വരുമ്പോൾ ചാർജ് ചെയ്ത കുറ്റത്തിന് അതീതമായി കാണുന്നതായി രേഷ്മയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ വനിത കമ്മീഷൻ അദ്ധ്യക്ഷൻ പി.സതീദേവി പ്രതികരിച്ചു.ഇത് അംഗീകരിക്കാൻ കഴിയില്ല. വ്യക്തിപരമായി സ്ത്രീകളെ അധിക്ഷേപിക്കാൻ പാടില്ലെന്നും സതീദേവി കോഴിക്കോട് പറഞ്ഞു.

 

തനിയ്ക്ക് എതിരെ അശ്ലീല പ്രയോഗം നടത്തിയതിന് സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി.ജയരാജന് എതിരെയും സാമൂഹിക മാധ്യമങ്ങളിലൂടെ അതിക്രമം നടത്തിയതിന്  കാരായി രാജന് എതിരെയും രേഷ്മ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു.