joju-show

വാഗമണില്‍ ഓഫ്റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തു. ഇടുക്കിയില്‍ ഓഫ് റോഡ് റേസ് നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് കേസെടുത്തത്. മോട്ടോര്‍ വാഹന വകുപ്പും നേരിട്ട് ഹാജരാകാനാവശ്യപ്പെട്ടുകൊണ്ട് ജോജു ജോര്‍ജിന് നോട്ടീസ് നല്‍കി.

 

അപകടകരമായ രീതിയില്‍ ഇങ്ങനെ വാഹനമോടിച്ചതിനാണ് നടന്‍ ജോജു ജോര്‍ജിനെതിരെ കേസെടുത്തത്. കെഎസ്‍യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് നല്‍കിയ പരാതിയിലാണ് നടപടി. ജോജു, സ്ഥലം ഉടമ, സംഘാടകർ എന്നിവർക്കെതിരെയാണ് വാഗമണ്‍ പൊലീസ് കേസെടുത്തത്. നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. വാഹനത്തിന്റെ രേഖകൾ സഹിതം ആർ.ടി.ഓയ്ക്ക് മുന്നിൽ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് നടനോട് നിർദേശിച്ചിരിക്കുന്നത്.  

 

ഇടുക്കി ജില്ലയിൽ ഓഫ് റേസിങ്ങിനിടെ തുടർച്ചായി അപകടങ്ങളുണ്ടാവുന്നതിനാൽ ഇത്തരം വിനോദങ്ങൾക്ക് നിയന്ത്രണമുണ്ട്. വാഗമൺ എം.എം.ജെ. എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിൽ ശനിയാഴ്ചയാണ് ഓഫ് റോഡ് വാഹന റേസ് നടന്നത്. അന്നേ ദിവസം ഇവിടെ അപകടവും ഉണ്ടായിരുന്നു.