കോട്ടയം ജില്ലയില്‍ ചിങ്ങവനം–ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ നിയന്ത്രണം. അടുത്ത ശനിയാഴ്ച വരെ 21 ട്രെയിനുകളാണ് റദ്ദാക്കിയത്. കോട്ടയം വഴിയുള്ള ട്രെയിനുകൾ പകൽ ആലപ്പുഴ വഴി തിരിച്ചുവിടും. അതേസമയം മലബാറിലെ യാത്രാ ക്ലേശം രൂക്ഷമായതില്‍ പ്രതിഷേധം ശക്തമായതോടെ പരശുറാം എക്സ്പ്രസ് ഭാഗികമായി സര്‍വീസ് നടത്താന്‍ റെയില്‍വെ തീരുമാനിച്ചു. പകൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം നിയന്ത്രിച്ചാണ് ചിങ്ങവനം–ഏറ്റുമാനൂർ സെക്ഷനിൽ ഇരട്ടപ്പാത നിർമാണ ജോലികൾ പുരോഗമിക്കുന്നത്. പഴയ ട്രാക്ക് മുറിച്ചു മാറ്റി പുതിയ ട്രാക്കുമായി ബന്ധിപ്പിക്കൽ, സിഗ്നൽ സംവിധാനങ്ങൾ നവീകരിക്കൽ ഉൾപ്പെടെയുള്ള ജോലികളാണ് പുരോഗമിക്കുന്നത്. തിങ്കളാഴ്ച ട്രയൽ റൺ ഉൾപ്പെടെ നടക്കാനിരിക്കെയാണ് ഒരാഴ്ചത്തേക്ക് കൂടുതൽ ട്രെയിനുകൾ റദ്ദാക്കുന്നത്. എറണാകുളത്ത് കൂടുതൽ ട്രെയിനുകൾ നിർത്തിയിടാൻ സൗകര്യമില്ലാത്തതും ആലപ്പുഴ വഴി ഒറ്റലൈൻ ട്രാക്ക് മാത്രം ഉള്ളതുമാണ് ട്രെയിനുകൾ റദ്ദാക്കാൻ കാരണം. ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന വേണാട്, പരശുറാം എക്സ്പ്രസ്, ചെന്നൈ–തിരുവനന്തപുരം മെയിൽ, കന്യാകുമാരി– ബെംഗളൂരു ഐലൻഡ്, തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി എക്സ്പ്രസും റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയിലുണ്ട്. പകൽ ട്രെയിനുകളിൽ യാത്രക്കാർക്ക് പരമാവധി ബുദ്ധിമുട്ട് കുറച്ചാണ് റദ്ദാക്കുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം.
അതേസമയം മലബാറില്‍ യാത്രാ ക്ലേശം രൂക്ഷമായതോടെ മംഗളൂരു നാഗര്‍കോവില്‍ പരശുറാം എക്്സ്പ്രസ് ഭാഗികമായി സര്‍വീസ് നടത്താന്‍ റെയില്‍വെ തീരുമാനിച്ചു. യാത്രക്കാരുടെ പ്രതിഷേധം കണക്കിലെത്തുകൂടിയാണ് അടിയന്തര ഇടപെടല്‍, മേയ് 28 വരെ പരശുറാം എക്സ്പ്രസ് മംഗളൂരു മുതല്‍ ഷൊര്‍ണൂര്‍ വരെയും തിരിച്ചും സര്‍വ്വീസ് നടത്തും. വേണാട് എക്സ്പ്രസ് റദ്ദാക്കുന്ന സാഹചര്യത്തിൽ അതേ സമയത്ത് കൊല്ലം–ചങ്ങനാശേരി പാതയിൽ പ്രത്യേക മെമു സർവീസ് നടത്തും. 24 മുതൽ 28 വരെ പകൽ 10 മണിക്കൂർ കോട്ടയം വഴി ഗതാഗത നിയന്ത്രണമുണ്ട്. 28ന് രാവിലെ 8.45 മുതൽ വൈകിട്ട് 6.45 വരെയാണു നിയന്ത്രണം. ഇരുപതിയെട്ടാം തീയതിയോടെ ജോലികൾ പൂർത്തിയാക്കി ഇരട്ടപ്പാത സജ്ജമാക്കാനാണ് തീരുമാനം.