vismaya-kiran

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് വിസ്മയ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യചെയ്ത കേസില്‍ കൊല്ലം അ‍ഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ആയൂര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന വിസ്മയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറായിരുന്ന ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ സ്തീധനപീഡനങ്ങളെ തുടര്‍ന്ന് ശാസ്തംകോട്ടയിലെ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. വിസ്മയ ഭര്‍തൃവീട്ടില്‍ അനുഭവിച്ച് ദുരിതങ്ങളുടെ ശബ്ദരേഖകള്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളാണ് കേസില്‍ നിര്‍ണായകമാവുക. രാവിലെ 11 മണിക്കാണ് കൊല്ലം ഒന്നാം അഡിഷനൽ സെഷൻസ് ജഡ്ജി കെ.എൻ. സുജിത്ത് വിധി പറയുക.

 

കേരള മനസാക്ഷിയെ ഞെട്ടിച്ച കേസിലാണ് ഇന്ന് വിധി വരുന്നത്. സ്ത്രീധനവും സമ്മാനമായി നല്‍കിയ കാറും  തന്‍റെ പദവിക്ക് കുറഞ്ഞുപോയെന്ന് പറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കിരണ്‍കുമാര്‍ ഭാര്യയെ മര്‍ദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജൂണ്‍  21ന് പുലര്‍ച്ചെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനത്തനെ തുടര്‍ന്നാണ് സ്ഥാപിക്കാന്‍ വിശാലമായ ഡിജിറ്റല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജാരാക്കിയുള്ളത്. സാധാരണം സ്ത്രീധന പീഡനക്കേസുകളില്‍ നിന്നും വിഭിന്നമായി  102 സാക്ഷികളും 98 രേഖകളും 56 തൊണ്ടിമുതലുമാണ്  കേസിലുള്ളത്. സ്ത്രീധനത്തിന്റെ പേരിൽ കിരൺകുമാർ പീഡിപ്പിക്കുന്നതായി വിസ്മയ സുഹൃത്തക്കളോട് ചാറ്റ് ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ, പിതാവിനോട് അടക്കമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവയും പ്രോസിക്യൂഷന്‍റെ തെളിവുകളാണ്. ആരും കേസില്‍ കൂറുമാറിയില്ല എന്നതും നിര്‍ണായകമാവും. കിരണ്‍കുമാറിന്‍റെ സംഭാഷങ്ങള്‍ കുറ്റസമ്മതമായും വിസ്മയയുടെ സംഭാഷണം മരണമൊഴിയായും കോടതി പരിഗണിക്കുമോ എന്നതാണ് പ്രധാനം.

 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ  ആത്മഹത്യ പ്രേരണയായ  306 ഉം സ്ത്രീധനപീഡനമായ 498 (എ)യുമാണ്  സ്ത്രീധനപീഡനമരണമായ 304 (ബി)യുമാണ്  കേസില്‍ സുപ്രധാനം. കേരളമാകെ ചര്‍ച്ച ചെയത് കേസില്‍ ആത്മഹത്യപ്രേരണ കണ്ടെത്തിയാല്‍ പത്തുവര്‍ഷം വരെ തടവും സ്തീധനപീഡന മരണം കണ്ടെത്തിയാല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷലഭിച്ചേക്കാം. കേസിന്‍റെ വിചാരണ പൂര്‍ത്തിയായതോടെ കിരണ്‍കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ വിധി പറയുമ്പോള്‍ കിരണ്‍ കുമാര്‍ കോടതിയിലുണ്ടാകും. പ്രോസിക്യൂഷനേ പോലെ പ്രതിഭാഗവും ആത്മവിശ്വാസത്തിലാണ്.  ആത്മഹത്യ സ്ത്രീധനപീഡനത്തെ തുടര്‍ന്നാണ് തെളിയിക്കാനുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കാനായില്ലെന്നായിരുന്നു വിചാരണയില്‍ പ്രതിഭാഗം ഉയര്‍ത്തിയ വാദം. പ്രോസിക്യൂഷന്‍ ഹാജരാക്കിയ അതേ ഡിജിറ്റല്‍ തെളിവുകള്‍ തന്നെയാണ് കിരണ്‍കുമാര്‍ നിരപരാധിയെന്ന് സ്ഥാപിക്കാന്‍ പ്രതിഭാഗം അഭിഭാഷകരും ഉപയോഗിച്ചത്. ഉത്രകേസ് ഉള്‍പ്പടെ നിരവധി നിര്‍ണായക കേസുകളില്‍ ഇരകള്‍ക്ക് നീതി മേടിച്ച് നല്‍കിയ അഡ്വ.ജി.മോഹന്‍കുമാറാണ് കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍.