പത്തുകോടിയുടെ വിഷുബമ്പര്‍ അടിച്ചത് കന്യാകുമാരി സ്വദേശിയായ ഡോക്ടര്‍ക്കും ബന്ധുവിനും. മണവാളക്കുറിശിയില്‍ സര്‍ക്കാര്‍ ഡോക്ടറായി ജോലി ചെയ്യുന്ന പ്രദീപ് കുമാറും ബന്ധു രമേശനും ലോട്ടറി ഡയറക്ടറേറ്റിലെത്തി സമ്മാനാര്‍ഹമായ ബമ്പര്‍ കൈമാറി. ഉത്സവവും മരണവുമായി ബന്ധപ്പെട്ട തിരക്കുകളില്‍ പെട്ടതിനാല്‍ ലോട്ടറിയടിച്ച വിവരം അറിയാന്‍ വൈകിയെന്ന് പ്രദീപും രമേശനും പ്രതികരിച്ചു. കടബാധ്യത തീര്‍ക്കാന്‍ സമ്മാനത്തുക ഉപയോഗിക്കാനാണ് തീരുമാനം.
ഒരാഴ്ചത്തെ സസ്പെന്‍സ് അവസാനിപ്പിച്ചാണ് അപ്രതീക്ഷിതമായി ബമ്പര്‍ ജേതാക്കള്‍ ലോട്ടറി ഡയറക്ടറേറ്റിലേക്ക് കയറിചെന്നത്. HB 727990 നമ്പരുള്ള ടിക്കറ്റ് പരിശോധിച്ച് ലോട്ടറി ഡയറക്ടര്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്തിന് പുറത്തുള്ളവരായതിനാല്‍ നോട്ടറിയുടെ അറ്റസ്റ്റേഷന്‍ വാങ്ങിവരാന്‍ നിര്‍ദേശിച്ച് മടക്കി. തുടര്‍ന്ന് നോട്ടറി അറ്റസ്റ്റ് ചെയ്ത ടിക്കറ്റുമായി ഇരുവരും മടങ്ങിയെത്തി. രമേശന്‍റെ ഗള്‍ഫില്‍ നിന്നുവന്ന ഭാര്യാസഹോദരനെ കൂട്ടാന്‍ എത്തിയപ്പോഴാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് ഇരുവരും ചേര്‍ന്ന് 15ന് രാവിലെ ഒരു ടിക്കറ്റ് എടുത്തത്. സമ്മാനത്തുകയും തുല്യമായി പങ്കിടും. കേരളത്തിലെത്തുമ്പോഴൊക്കെ ഇരുവരും ടിക്കറ്റെടുക്കാറുണ്ട്. പ്രദീപിന് ഒരിക്കല്‍ 10000 രൂപ സമ്മാനമടിച്ചിട്ടുണ്ട്.
കേരളം മുഴുവന്‍ ബംപര്‍ ജേതാവാരെന്ന് തിരക്കിയ ദിവസങ്ങളിലൊന്നും ബമ്പറടിച്ചത് തങ്ങള്‍ക്കാണെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല. വെള്ളിയാഴ്ചയാണ് ടിക്കറ്റ് പരിശോധിച്ചത്. ബംപറടിച്ച പണം കൊണ്ട് ഇരുവര്‍ക്കും ചെയ്യാന്‍ ഏറെ കാര്യങ്ങളുണ്ട്.
ഇരുവര്‍ക്കും കൂടി ആറു കോടി 16 ലക്ഷം രൂപ കിട്ടും. രണ്ടുകോടി അറുപതുലക്ഷം നികുതിയായി പോകും. ഒരു കോടി 20 ലക്ഷം ഏജന്‍റിനുള്ള കമ്മീഷനാണ്. ഭാഗ്യവാന്‍മാരെ കണ്ടെത്തിയതറിഞ്ഞ് ലോട്ടറി ടിക്കറ്റ് വിറ്റ രംഗനും ഭാര്യ ജസീന്തയും സന്തോഷം പങ്കുവച്ചു.