കോവിഡ് ഗ്രാമീണ ഇന്ത്യയെ തകര്‍ത്തെന്ന് ജസ്യൂട്ട് കലക്ടീവ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന സര്‍വേയില്‍ കണ്ടെത്തല്‍. കോവിഡിന്റെ ആദ്യ രണ്ട് തരംഗത്തില്‍ 71 ശതമാനം പേര്‍ക്ക് ജീവനോപാധികള്‍ നഷ്ടമായി. 45 ശതമാനം പേരെ കോവിഡ് ചികിത്സ കടക്കാരാക്കി. കുട്ടികള്‍ ഉച്ച ഭക്ഷണത്തിനായി ബുദ്ധിമുട്ടിയതായി 56 ശതമാനം പേര്‍ പ്രതികരിച്ചു. കേരളം ഉള്‍പെടെ 12 സംസ്ഥാനങ്ങളിലെ 474 ഗ്രാമങ്ങളിലാണ് സര്‍വേ നടത്തിയത്.

     

മൂന്ന് വര്‍ഷമായി പടരുന്ന കോവിഡ് ഗ്രാമീണ ഇന്ത്യയെ എത്രമാത്രം തകര്‍ത്തെന്ന് തുറന്നുകാട്ടുന്നതാണ് ജസ്യൂട്ട് കലക്ടീവ് ഇന്ത്യയുടെ നേതൃത്വത്തിലും ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കോണ്‍ഫറന്‍സ് ഡെവലപ്മെന്റ്, ലോക് മഞ്ച് എന്നിവയുടെ പിന്തുണയോടെയും നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട്. 34 ശതമാനം സ്ത്രീകളുടേതടക്കം 71 ശതമാനം പേരുടെ ജീവനോപാധിയാണ് കോവിഡ് ഇല്ലാതാക്കിയത്. ഇതിലെ 54 ശതമാനം പേര്‍ പട്ടികജാതി , പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. യുപി, ഒഡീഷ, ബീഹാര്‍ സംസ്ഥാനങ്ങളിലാണ് തൊഴില്‍ നഷ്ടം രൂക്ഷം. 21 ശതമാനത്തിന് ദേശീയ തൊഴിലുറപ്പ് നിയമപ്രകാരമുള്ള ജോലി  ലഭ്യമായില്ല. കോവിഡ് ചികിത്സ പകുതിയോളം പേര്‍ക്ക് ബാധ്യതയായി. 25 ശതമാനം പേര്‍ക്ക് 10,000ല്‍ അധികവും 32 ശതമാനം പേര്‍ക്ക് 5000ല്‍അധികവും രൂപ ചെലവായി. കടം വാങ്ങിയിട്ടും 46 ശതമാനം പേര്‍ക്ക് ചികിത്സ ലഭിക്കാന്‍ വൈകി. 

 

77 ശതമാനം ആശാവര്‍ക്കര്‍മാരും തങ്ങളുടെ പ്രദേശത്തുള്ളവര്‍ക്ക് കോവിഡ് ചികിത്സ താങ്ങാനായില്ലെന്ന് അഭിപ്രായപ്പെട്ടു. യുപി ,ബീഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ കുറവായതിനാല്‍ 34 ശതമാനം പേര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നു. കേരളം, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ കോവിഡ് ചികിത്സക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉപയോഗിച്ചതായി സര്‍വേയില്‍ 11 ശതമാനം പേര്‍ പ്രതികരിച്ചു.