ranil-wickremesinghe-04

ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവച്ചു. സര്‍വകക്ഷിയോഗത്തിന്റെ തീരുമാന‌പ്രകാരമാണ് രാജിയെന്ന് റനില്‍ വിക്രമസിംഗെ പറഞ്ഞു. സര്‍വകക്ഷി സര്‍ക്കാരിന് വഴിയൊരുക്കുമെന്നും റനില്‍ വിക്രമസിംഗെ പ്രതികരിച്ചു. 

 

അതിസങ്കീര്‍ണ പ്രതിസന്ധി

 

സാമ്പത്തിക തകര്‍ച്ചയില്‍പ്പെട്ട ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ ഔദ്യോഗികവസതി പിടിച്ചടക്കി പ്രക്ഷോഭകര്‍. കൊളംബോയില്‍ കടല്‍ത്തീരത്തെ  പ്രസിഡന്റിന്റെ വസതിയിലേക്ക് മാര്‍ച്ച് ചെയ്ത പതിനായിരങ്ങള്‍ വസതിക്കുളളിലേക്ക് ഇരച്ചുകയറുകയായിരുന്നു. സൈന്യവും പൊലീസും പ്രക്ഷോഭകരെ തടഞ്ഞില്ല. റോഡ്, റെയില്‍ ഗതാഗത നിയന്ത്രണം പ്രക്ഷോഭകര്‍ ഏറ്റെടുത്തു. കൊളംബയിലേക്ക് പതിനായിരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. പരുക്കേറ്റ 33 പ്രക്ഷോഭകര്‍ ആശുപത്രിയില്‍. രണ്ടുപേരുടെ നില ഗുരുതരം. വസതി വിട്ട പ്രസിഡന്റ് ഗോട്ടബയ രാജപക്സെ എവിടെന്നത് സംബന്ധിച്ച് സ്ഥിരീകരിച്ച വിവരങ്ങളില്ല. സ്ഥാനമൊഴിയാതെ ഗോട്ടബയ രാജ്യം വിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പതിനായിരങ്ങള്‍ മധ്യ കൊളംബോയിലെ അതീവ സുരക്ഷാമേഖലയിലുള്ള പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് ചെയ്തത്. സൈന്യവും പൊലീസും കാവലുണ്ടായിരുന്നെങ്കിലും പ്രക്ഷോഭകരെ തടഞ്ഞില്ല. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ അങ്കണത്തിലേക്ക് വന്നുനിറഞ്ഞ പ്രക്ഷോഭകര്‍ അകത്തേക്ക് ഇരച്ചുകയറുകയായിരുന്നു

 

രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തിലോ പിന്തുണയിലോ ആയിരുന്നില്ല പ്രക്ഷോഭകരുടെ മുന്നേറ്റം. വസതിക്കുളളില്‍ പ്രക്ഷോഭകര്‍ നിറഞ്ഞപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ പുറത്ത് വസതി വളഞ്ഞു. എന്നാല്‍ പ്രസിഡന്റ്  ഗോട്ടബയ രാജപക്സെ വളരെ നേരത്തെ ഇവിടെ നിന്ന് മാറിയിരുന്നു. നാവികസേനയുടെ കപ്പലില്‍ ഗോട്ടബയ രാജപക്സെ  കടന്നതായി റിപ്പോര്‍ട്ടികളുണ്ട്.  തിരക്കിട്ട് ബാഗേജുകള്‍  നാവികകപ്പലിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വ്യോമതാവളത്തിലേക്ക് വാഹനവ്യൂഹം അതിവേഗം നീങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി റനില്‍വിക്രമസിംഗെ വിളിച്ച രാഷ്ട്രീയകക്ഷികളുടെ അടിയന്തരയോഗം പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.  

 

ശ്രീലങ്കന്‍ ബാര്‍ അസോസിയേഷനും ഗോട്ടബയയുടെ രാജി ആവശ്യപ്പെട്ടു. വലിയ ആക്രമങ്ങളിലേക്ക് പ്രക്ഷോഭം നീങ്ങിയിട്ടില്ലെങ്കിലും ചിലയിടങ്ങളില്‍പൊലീസ് കണ്ണീര്‍വാതകവും റബര്‍ ബുളളറ്റുകളും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുളള പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതായി മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ വെളിപെടുത്തി. ഗോട്ടബയ രാജപക്സെയെ പുറത്താക്കാതെ പ്രക്ഷോഭകര്‍ അടങ്ങില്ലെന്നാണ് സൂചനകള്‍.  2.2 കോടി ജനസംഖ്യയുളള ശ്രീലങ്ക കഴിഞ്ഞ ഏപ്രിലിലാണ് അസാധാരണ സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങിയത്.  വിദേശനാണ്യ ശേഖരം കാലിയായ രാജ്യത്തിന് 51 ബില്യണ്‍ ഡോളറിന്റെ കടവുമുണ്ട്.