TAGS

ഗോവയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി തുടരാന്‍ കോണ്‍ഗ്രസ്. മൈക്കല്‍ ലോബോയുടെയും ദിഗംബര്‍ കാമത്തിന്‍റെയും പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്ക് തെളിവുണ്ടെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പുതിയ പ്രതിപക്ഷ നേതാവിനെ ഉടന്‍ തിരഞ്ഞെടുക്കും. മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ നേതൃത്വത്തിൽ ബിജെപി നടത്തിയ ശ്രമമാണ് ഗോവയില്‍ പൊളിഞ്ഞതെന്നും ജനറല്‍ സെക്രട്ടറി ആരോപിച്ചു.   

 

ഇപ്പോളും കോണ്‍ഗ്രസുകാരാണെന്ന് മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും മുന്‍ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോയും ആവര്‍ത്തിക്കുമ്പോളാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്നത്. പാര്‍ട്ടി പിളര്‍ത്തി എംഎല്‍എമാരെ ബിജെപി പാളയിത്തിെലത്തിക്കാന്‍ ഇരുവരും നടത്തിയ ശ്രമങ്ങളെക്കുറിച്ച് നേതൃത്വത്തിന് വ്യക്തമായ ധാരണയുണ്ടെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പക്ഷേ കൂറുമാറ്റിരോധനനിയമത്തിന്‍റെ പരിധിയില്‍ നിന്ന് രക്ഷപെടാനുള്ള എണ്ണം തികയ്ക്കാനായില്ല. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഇരുവര്‍ക്കുമെതിരായ അച്ചടക്ക, നിയമ നടപടികള്‍ തുടരും.  

 

സാവന്തിന്‍റ വാദവും വേണുഗോപാല്‍ തള്ളി. ഗോവ ബിജെപിക്കുള്ളില ചേരിപ്പോര് മൂലമാണ് പ്രതിപക്ഷത്തു നിന്ന് എംഎല്‍എമാരെ പിടിക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്ത് എല്ലായിടത്തും പണവും അധികാരവുമുപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ ജനപ്രതിനിധികളെ വലയിലാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും വേണുഗോപാല്‍ ആരോപിച്ചു.