ലോക്സഭയില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്ത് പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച ടി.എന്‍ പ്രതാപനും രമ്യാ ഹരിദാസും അടക്കം കോണ്‍ഗ്രസിന്‍റെ നാല് എംപിമാരെ സസ്പെന്‍ഡ് ചെയ്തു. വര്‍ഷകാലസമ്മേളനം തീരുന്നതുവരെയാണ് അച്ചടക്ക നടപടി. രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് പ്രതിപക്ഷം പരാതി നല്‍കി. സംഗീതജ്ഞന്‍ ഇളയരാജ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. വിലക്കയറ്റം, ജിഎസ്ടി നിരക്ക് മാറ്റം എന്നിവ ഉന്നയിച്ച് പ്രതിപക്ഷം വര്‍ഷകാലസമ്മേളനത്തിന്‍റെ ആറാം ദിവസവും പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി പ്ലക്കാര്‍ഡ് ഉയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതിമണി, മാണിക്യം ടാഗോര്‍ എന്നിവരെ സഭ നിയന്ത്രിച്ചിരുന്ന രാജേന്ദ്ര അഗര്‍വാള്‍ പേരെടുത്തുവിളിച്ച് ശാസിച്ചു. സഭയോടും സഭാനാഥനോടും അവമതിപ്പുണ്ടാക്കുവിധം പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്‍ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷി എംപിമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചു. ശബ്ദവോട്ടോടെ പാസാക്കി. വര്‍ഷകാലസമ്മേളനം തീരുംവരെയാണ് സസ്പെന്‍ഷന്‍.
പ്ലാക്കാര്‍ഡ് ഉയര്‍ത്തുന്നവര്‍ക്ക് സ്പീക്കര്‍ ഒാം ബിര്‍ല കഴിഞ്ഞ ദിവസങ്ങളില്‍ താക്കീത് നല്‍കിയിരുന്നു. രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാച്ചടങ്ങായതിനാല്‍ ഉച്ചയ്ക്ക് ശേഷമാണ് ഇരുസഭകളും തുടങ്ങിയത്. സഭകള്‍ തുടര്‍ച്ചയായി തടസപ്പെടുകയും ചെയ്തു. സംഗീതജ്ഞന്‍ ഇളയരാജ തമിഴില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അര്‍ഹമായ ഇരിപ്പിടം നല്‍കിയില്ലെന്നും അനാദരവ് കാട്ടിയെന്നും ആരോപിച്ച് പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് പരാതി നല്‍കി. ആരോപണം തള്ളിയ ബിജെപി പ്രതിപക്ഷം അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്ന് പ്രതികരിച്ചു.