ഇടമലയാര്‍ ഡാം രാവിലെ പത്തുമണിക്ക് തുറക്കും. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ മുതല്‍ 100 ഘനമീറ്റര്‍ വെളളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. ഇടുക്കിക്ക് പിന്നാലെ ഇടമലയാ൪ അണക്കെട്ടിൽ നിന്നും വെള്ളമെത്തുന്നതോടെ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതിൽ ഉയരാ൯ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മഴ മാറിനിൽക്കുന്നതു കാരണം ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു.
അതിനിടെ ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.78 അടിയായി ഉയര്‍ന്നു. 5 ഷട്ടറുകളിലൂടെ പുറത്തുവിടുന്നത് സെക്കന്‍ഡില്‍ 300 ഘനമീറ്റര്‍ വെള്ളമാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.55 അടിയായി, നീരൊഴുക്ക് ശക്തം. ഇവിടെ പുറത്തേക്ക് ഒഴുക്കുന്നത് സെക്കന്‍ഡില്‍ 7560 ഘനയടി വെള്ളമാണ്. മഞ്ചുമല, ആറ്റോരം, കടശ്ശികടവ്, കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. രാത്രിയിൽ ക്യാമ്പുകളിലേക്കും മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കും ഈ വീടുകളിലെ ആളുകൾ മാറി താമസിച്ചു. റൂൾ കർവ് പരിധിയിലും ഉയർന്ന് ജലനിരപ്പ് നിൽക്കുന്നതിനാൽ കൂടുതൽ ജലം തമിഴ്നാട് പെരിയാറിലേക്ക് ഒഴിക്കുമോ എന്ന ആശങ്ക തീരവാസികൾക്കുണ്ട്. റൂൾ കർവ് പാലിക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്നൊഴുക്കുന്ന ജലം കൂടി എത്തുന്നതിനാൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും കാര്യമായ കുറവില്ല.