കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി പി എം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വീടു കയറി ആക്രമിച്ചു. അതിക്രമിച്ച് വീട്ടിൽ കയറിയ സിപിഎം പഞ്ചായത്തംഗം ബൈജു വിജയൻ കമ്പി വടി കൊണ്ടടിച്ചു എന്നാണ് പരാതി. പഞ്ചായത്തംഗം അടക്കം മൂന്ന് പേർക്കെതിരെ തൃക്കൊടിത്താനം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 11:30 ഓടെയാണ് ബൈജു വിജയന്റെ നേതൃത്വത്തിലുള്ള സംഘം യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ വീട് കയറി ആക്രമിച്ചത്. പ്രതികൾക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതികൾ കമ്പി വടി കൊണ്ട് വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നെന്നാണ് പരാതി.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാറിന്റെ തലയ്ക്കും ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണിയുടെ കയ്യിലും പുറത്തും പരുക്കേറ്റു. സിപിഎം പഞ്ചായത്തഗം ബൈജു വിജയൻ അടക്കം മൂന്ന് പേർക്കെതിരെ  തൃക്കൊടിത്താനം പൊലീസ് കേസ് എടുത്തിട്ടുണ്ട്‌. അതിർത്തി തർക്കമാണ് മർദനത്തിന് കാരണമെന്നാണ് പൊലീസിന്റെ വാദം. എന്നാൽ സിപിഎം കോട്ടയായ മണികണ്ഠവയലിൽ യൂത്ത്കോൺഗ്രസ്‌ യൂണിറ്റ് കമ്മിറ്റി ആരംഭിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് പ്രവർത്തകർ പറയുന്നു

 

പരുക്കേറ്റ രണ്ടുപേരും കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. പൊലീസിൽ വിളിച്ചറിയിച്ചിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധപരിപാടി നടത്തും