ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഇന്ത്യാവിരുദ്ധ ഉള്ളടക്കങ്ങൾ അടങ്ങിയതുമായ എട്ട് യൂട്യൂബ് ചാനലുകൾ വിലക്കി കേന്ദ്രസര്‍ക്കാര്‍. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് ഐടി ചട്ടം 2021 അനുസരിച്ച് വിലക്ക് ഏർപ്പെടുത്തിയത്. ഒരു ഫെയ്സ്ബുക് അക്കൗണ്ടിനും രണ്ടു ഫെയ്സ്ബുക് പോസ്റ്റുകൾക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ഏഴു ഇന്ത്യൻ യൂട്യൂബ് ചാനലുകളും ഒരു പാക്കിസ്ഥാനി ചാനലിനുമാണു വിലക്ക്.
'വിലക്കിയ ചാനലുകൾ വ്യാജവും ഇന്ത്യാ വിരുദ്ധവുമായ ഉള്ളടക്കവും വിറ്റ് പണമാക്കുകയായിരുന്നു'– വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.ലോക്തന്ത്ര ടിവി, യു ആൻഡ് വി ടിവി, എഎം റാസ്‌വി, ഗൗരവ്ശാലി പവൻ മിതിലാഞ്ചൽ, സി ടോപ്പ് 5 ടിഎച്ച്, സർക്കാരി അപ്ഡേറ്റ്, സബ് കുച്ച് ദേഖോ, പാക്കിസ്ഥാൻ ചാനലായ ന്യൂസ് കി ദുനിയ എന്നിവയാണ് നിരോധിച്ച യൂട്യൂബ് ചാനലുകൾ.
ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങൾ, പൊതുവായ കാര്യങ്ങൾ എന്നിവയെ കുറിച്ച് ചാനലുകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു, ദേശീയ സുരക്ഷയുടെയും വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിന്റെയും വീക്ഷണകോണിൽ നിന്ന് ഉള്ളടക്കം പൂർണ്ണമായും തെറ്റായതും സെൻസിറ്റീവായതുമാണ്.ഇന്ത്യാവിരുദ്ധ ഉള്ളടക്കത്തോടൊപ്പം വ്യാജ അവകാശവാദങ്ങളും ഈ യൂട്യൂബ് ചാനലുകൾ നൽകിയിരുന്നതായും കേന്ദ്ര സർക്കാർ പ്രസ്താവനയിൽ പറയുന്നു
ഈ 8 യു ട്യൂബ് ചാനലുകൾക്കുമായി ആകെ 114 കോടിയിലേറെ വ്യൂവർഷിപ്പും 85 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സും ഉണ്ടായിരുന്നതായി മന്ത്രാലയം അറിയിച്ചു.
വര്‍ഗീയവിദ്വേഷം പടര്‍ത്തുന്ന തരത്തില്‍ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനും നേരത്തെയും കേന്ദ്രസർക്കാർ യുട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.