മുഖ്യമന്ത്രി, മന്ത്രിമാര്‍ , അധികാര സ്ഥാനങ്ങളിലുള്ള പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കിടയിലെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരം ഗവര്‍ണറിലേക്കും മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറിയിലേക്കും നിക്ഷിപ്തമാക്കുന്ന നിയമഭേദഗതി ഇന്ന് നിയമസഭയ്ക്കു മുന്നിലെത്തും. ഒാര്‍ഡിനന്‍സായി കൊണ്ടുവന്നപ്പോള്‍തന്നെ ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഒാര്‍ഡിനന്‍സ് കാലാവധി കഴിഞ്ഞശേഷം വീണ്ടും നീട്ടാനായി എത്തിയപ്പോള്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതോടെ ഭേദഗതി റദ്ദായി. ഈ തിരിച്ചടിയെ തുടര്‍ന്നാണ് അടിയന്തരമായി സഭാസമ്മേളനം വിളിച്ചുചേര്‍ക്കേണ്ടിവന്നത്. ഭേദഗതിയോട് സിപിഐക്കും വ്യത്യസ്ത അഭിപ്രായം ഉണ്ട്. ശക്തമായ വിയോജിപ്പ് സഭാ തലത്തിലുയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം. ബില്‍ സഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടുമോ എന്ന് വ്യക്തമല്ല. സഹകരണസംഘ നിയമഭേദഗതി, മാരിടൈം ബോര്‍ഡ് ഭേദഗതി, ഉള്‍പ്പെടെ ആറു നിയമനിര്‍മാണങ്ങള്‍ ഇന്ന് സഭ പരിഗണിക്കും. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്‍ നാളെ സഭയ്ക്കു മുന്നിലെത്തുന്നുണ്ട്.