അട്ടപ്പാടി മധു കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണകോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി അനുവദിച്ച ജാമ്യം കീഴ്ക്കോടതിക്ക് എങ്ങനെ റദ്ദാക്കാനാകുമെന്ന നിയമപ്രശ്നം ചൂണ്ടിക്കാട്ടിയാണ് നടപടി.
കേസിലെ രണ്ടും അഞ്ചും പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. തിങ്കളാഴ്ച്ച ഹർജി വീണ്ടും പരിഗണിക്കും വരെയാണ് സ്റ്റേ. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവിൽ ഉത്തരം വേണമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട രേഖകൾ വിളിച്ചു വരുത്താനും കോടതി നിർദ്ദേശം നൽകി.
അട്ടപ്പാടി മധു കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട് എസ്.സി എസ്.ടി കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സാക്ഷികളെ സ്വാധീനിച്ചെന്നത് വ്യാജ പ്രചാരണം മെന്ന് പ്രതികൾ വാദിച്ചു. പ്രോസിക്യൂഷനും പോലീസിനും തെളിവ് ഹാജരാക്കാൻ ആയിട്ടില്ല. പോലീസ് നടപടി മുഖം രക്ഷിക്കാൻ വേണ്ടിയാണ്. വിചാരണയിൽ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. ഒരു സാക്ഷി പോലും പ്രതികൾ സ്വാധീനിച്ചു എന്ന് പരാതി നൽകിയിട്ടില്ലെന്നും ഹർജിക്കാർ വാദിച്ചു