kodiyeri

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിയും. അനാരോഗ്യത്തെ തുടർന്നാണ് സ്ഥാനം ഒഴിയുന്നത്. വിദഗ്ധ ചികില്‍സയ്ക്കായി കോടിയേരിയെ ചെന്നൈയിലേക്ക് കൊണ്ടുപോകും. നാളെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. കോടിയേരി ബാലകൃഷ്ണനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും, പൊളിറ്റ് ബ്യൂറോ അംഗം എംഎ.ബേബിയും മുഖ്യമന്ത്രിക്കൊപ്പം കോടിയേരിയെ ഫ്ലാറ്റിലെത്തി കണ്ടിരുന്നു. എന്നാൽ കോടിയേരിക്ക് പകരം ആരെന്ന കാര്യത്തിൽ തീരുമാനമായില്ല.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദൈനംദിന ചുമതലകൾ നിർവഹിക്കാനുള്ള പരിമിതികൾ കോടിയേരി പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചനകളുണ്ടായിരുന്നു. പകരം ക്രമീകരണം വേണോ എന്നു തീരുമാനിക്കേണ്ടത് പാർട്ടിയാണ്. നേരത്തേ ചികിത്സാർഥം അദ്ദേഹം അവധിയെടുത്തപ്പോൾ ചുമതല താൽക്കാലികമായി എ.വിജയരാഘവനു കൈമാറിയതു പോലെ ഒരു സംവിധാനം വേണോയെന്ന് പിബി യോഗം തീരുമാനിക്കും. രണ്ടാഴ്ച മുൻപു ചേർന്ന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും വയ്യായ്മകളെ അതിജീവിച്ചു കോടിയേരി പങ്കെടുക്കുകയും നേതൃപരമായ കടമ നിർവഹിക്കുകയും ചെയ്തിരുന്നു.