കോട്ടയം ജില്ലയിൽ കനത്ത മഴയെ തുടർന്ന് കറുകച്ചാൽ പാമ്പാടി പ്രദേശങ്ങളിൽ ശക്തമായ മലവെള്ളപ്പാച്ചിലും വെള്ളക്കെട്ടും.മാന്തുരുത്തിയിൽ 3 വീടുകളിൽ വെള്ളം കയറി.നെടുമണ്ണി - കോവേലി പ്രദേശങ്ങൾ വെള്ളത്തിലായതോടെ വാഹനഗതാഗതം തടസപ്പെട്ടു.പാമ്പാടി വെള്ളൂർ പൊന്നരികുളം ദേവി ക്ഷേത്രം വെള്ളത്തിലായി. വാഴൂരും മണിമലയിലുമായി രണ്ട് വീടിന് പിന്നിലേക്ക് മൺതിട്ട ഇടിഞ്ഞുവീണു. 

കുറ്റിക്കൽ തോട് കരകവിഞ്ഞത്തോടെയാണ് പാമ്പാടി കാളച്ചന്തയ്ക്ക് സമീപം ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. റോഡിലെ വെള്ളക്കെട്ടിൽപ്പോലും ഒഴുക്ക് ശക്തമായതിനാൽ പ്രദേശത്ത് വാഹനഗതാഗതം തടസപ്പെട്ടു. ഇവിടെ 4 വീടുകളിൽ വെള്ളം കയറിയതോടെ വീട്ടുകാരെ മാറ്റി പാർപ്പിച്ചു.

കോട്ടയം , ചങ്ങനാശ്ശേരി, പാമ്പാടി ഫയർ യൂണീറ്റുകളുടെ നേതൃത്വത്തിൽ വെള്ളം കയറിയ വീടുകളിലെ ആളുകളെ ഒഴിപ്പിച്ചു. വെള്ളൂർ പോന്നാരിക്കുളം ക്ഷേത്രത്തിൽ ക്ഷേത്ര പുനരുദ്ധാരണത്തിനായി സൂക്ഷിച്ച നിർമ്മാണ വസ്തുക്കളും കാണിക്കവഞ്ചിയും ഒഴുകി പോയി. തോട്ടയ്ക്കാട് വെള്ളം കയറിയത്തോടെ കോട്ടയം കറുകച്ചാൽറോഡിൽ ബസ് ഗതാഗതം തടസപ്പെട്ടു. നെടുംകുന്നം മണിമല റോഡിൽ നെടുമണിയിൽ വീടിന് പിന്നിലേക്ക് ചെറിയ മൺതിട്ട ഇടിഞ്ഞുവീണു. വാഴൂർ സ്വദേശി അലക്സാണ്ടറിന്റെ വീടിന് പിന്നിലേക്ക് മണ്ണിടിഞ്ഞ് കിടപ്പ് മുറിയിലേക്ക് മണ്ണിരച്ച് കയറിയെങ്കിലും ആളപായമുണ്ടായില്ല.കോട്ടയം,ചങ്ങനാശ്ശേരി ,വൈക്കം താലൂക്കുകളിൽ രാത്രിയിൽ മഴയുണ്ടായെങ്കിലും രാവിലെ മുതൽ മഴ പെയ്യാത്തത്തിനാൽ വെള്ളമിറങ്ങി. തൊടുകളോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്.