നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി കൂടുതല്‍ സമയം അനുവദിച്ചു. സാധിക്കുമെങ്കില്‍ ജനുവരി 31നകം വിചാരണ പൂര്‍ത്തിയാക്കണം. വിചാരണയുടെ പുരോഗതി നാല് ആഴ്ച്ചയ്ക്ക് അകം അറിയിക്കാന്‍ വിചാരണക്കോടതി ജഡ്ജിയോട് നിര്‍ദേശിച്ചു. നടിയെ ആക്രമിച്ചകേസ് ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസ് എം.എം സുന്ദരേഷ് അഭിപ്രായപ്പെട്ടു.
നടിയെ ആക്രമിച്ചകേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ സമയം കൂടി അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. സുപ്രീംകോടതി അനുവദിച്ച സമയം ഫെബ്രുവരി 22ന് കഴിഞ്ഞിരുന്നു. വിചാരണ ദൈംദിനം നടത്തി എത്രയുംവേഗം പൂര്‍ത്തിയാക്കുന്നതാണ് ഉചിതമെന്ന് സുപ്രീംകോടതി വാക്കാല്‍ പറഞ്ഞു. കഴിവതും ജനുവരി 31നകം വിചാരണ പൂര്‍ത്തിയാക്കണം. എല്ലാ കക്ഷികളും വിചാരണ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണം. വിചാരണയുടെ പുരോഗതി നാല് ആഴ്ച്ചയ്ക്ക് അകം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരും അതിജീവിതയും വിചാരണ വൈകിപ്പിക്കുകയാണെന്ന് പ്രതിയും നടനുമായ ദിലീപിന്‍റെ അഭിഭാഷകന്‍ ആരോപിച്ചു. നികൃഷ്ടമായ ആരോപണങ്ങളാണ് വിചാരണകോടതി ജഡ്ജിക്കെതിരെ ഉന്നയിക്കുന്നത്. വളരെ ഗൗരവമേറിയ വിഷയമാണെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ കേസും ഞെട്ടിപ്പിക്കുന്നതല്ലേയെന്ന് കോടതി ചോദിച്ചു. കോടതി മാറ്റാന്‍ അഭ്യര്‍ഥിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.