TAGS

ലോകായുക്ത, സര്‍വകലാശാല ഭേദഗതി നിയമങ്ങള്‍ ഉള്‍പ്പെടെ നിയമസഭ കഴിഞ്ഞ സമ്മേളനത്തില്‍ പാസാക്കിയ നിയമങ്ങള്‍, അംഗീകാരം നല്‍കുന്നതിന് മുന്‍പ് വിശദമായി പരിശോധിക്കാന്‍ ഗവര്‍ണര്‍. സഭ പാസാക്കിയ നിയമങ്ങള്‍ ഇതുവരെ ഗവര്‍ണറുടെ അംഗീകാരത്തിനായി സര്‍ക്കാര്‍ അയച്ചില്ല. തിങ്കളാഴ്ച ഇവ രാജ്ഭവനില്‍ എത്തിക്കാനാണ് സാധ്യത.  

 

വിവാദ ലോകായുക്ത, സര്‍വകലാശാല ഭേദഗതി നിയമങ്ങള്‍ ഉള്‍പ്പെടെ നിയമസഭ പാസാക്കിയ നിയമങ്ങള്‍ ഗവര്‍ണരുടെ അംഗീകാരത്തിനായി സര്‍ക്കാര്‍ ഇതുവരെ രാജ്ഭവനില്‍ എത്തിച്ചിട്ടില്ല. ഒാണം അവധി ഇടക്കുവന്നതിനാല്‍ അതത് വകുപ്പുകളില്‍ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നേയുള്ളൂ. ഇവ ഇനി മുഖ്യമന്ത്രിയുടെ ഒാഫീസില്‍ എത്തിയ ശേഷമാകും അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് നല്‍കുക. വിശദമായ പരിശോധനക്ക് ശേഷമെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഇവക്ക് അനുവാദം നല്‍കാനിടയുള്ളൂ.  നിയമപരവും ഭരണഘടനാപരവുമാണോ പുതിയ നിയമങ്ങളെന്ന് ഗവര്‍ണര്‍വിലയിരുത്തും. നിയമങ്ങള്‍ പിടിച്ചുവെക്കാനും സര്‍ക്കാരിലേക്ക് തിരികെ അയക്കാനും രാഷ്ട്രപതിയുടെ അംഗീകാരത്തിന് നല്‍കുന്നതിനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. 

 

ഇതില്‍ ഏത് മാര്‍ഗം ഗവര്‍ണർ സ്വീകരിക്കുമെന്നത് നിയമോപദേശത്തെ കൂടി അടിസ്ഥാനമാക്കിയായിരിക്കും കൈക്കൊള്ളുക. ഗവര്‍ണര്‍ ഏതാനും ദിവസത്തെ സന്ദര്‍ശനത്തിനായി അട്ടപ്പാടിയിലേക്ക് പോകുകയാണ്. നേരത്തെ നിശ്ചയിച്ചതാണ് യാത്രഎന്നാണ് രാജ്ഭവന്‍ അറിയിക്കുന്നത്. 17 ന് മാത്രമെ ആരിഫ് മുഹമ്മദ്ഖാന്‍ തിരുവനന്തപുരത്ത് എത്തുകയുള്ളൂ. അതേസമയം ഒാണം വാരത്തിന്‍റെ സമാപനഘോഷയാത്രയിലേക്ക് സര്‍ക്കാര്‍ ഗവര്‍ണരെ ഒൗദ്യോഗികമായി ക്ഷണിച്ചില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സാധാരണ ടൂറിസം മന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ഷണിക്കുകയാണ് പതിവ്.