മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച ബ്രിട്ടിഷ് എൻജിനീയർ കേണൽ ജോൺ പെന്നി ക്വിക്കിന്റെ പ്രതിമ ഇംഗ്ലണ്ടിൽ സ്ഥാപിച്ച് തമിഴ്നാട് സർക്കാർ. തമിഴ്നാട്ടിൽ നിന്നെത്തിയ ഔദ്യോഗിക സംഘമാണ് പെന്നി ക്വിക്കിന്റെ സ്വദേശമായ കാംബർലിയിൽ പ്രതിമ അനാഛാദനം ചെയ്തത്. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെത്തുടർന്ന് ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു അനാഛാദനം.

പെന്നി ക്വിക്കിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രതിമ സ്ഥാപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ പെന്നി ക്വിക്കിന്റെ ജന്മദിനം പ്രത്യേക ചടങ്ങുകളോടെയാണ് ആചരിക്കുന്നത്. ഈ ജില്ലകളിലെ ജനങ്ങൾ കുട്ടികൾക്ക് പെന്നി ക്വിക്കിന്റെ പേരും ഇടാറുണ്ട്.നിലവിൽ തേനി ജില്ലയിലെ ലോവർക്യാംപിലും പെന്നിക്വിക്കിന് സ്മാരകമുണ്ട്. തേനിയിലെ ബസ് ടെർമിനലിനും പെന്നി ക്വിക്കിന്റെ പേരാണ്.

1895ൽ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് തമിഴ്നാട്ടിലെ 5 ജില്ലകളിലെ ജലക്ഷാമം പരിഹരിച്ചത്.  ബ്രിട്ടിഷ് അധീനതയിലായിരുന്ന മദ്രാസ് സംസ്ഥാനത്തെ കൊടിയ വരൾച്ചയുടെ ദൃശ്യങ്ങൾ പെന്നി ക്വിക്കിനെ നൊമ്പരപ്പെടുത്തി. അതിന് പരിഹാരം തേടിയുള്ള യാത്രയാണ്  തിരുവിതാംകൂർ രാജാവിനെ സമീപിച്ച് പെരിയാറിനു കുറുകെ തടയണ നിർമിക്കുക എന്ന ആശയത്തിലേക്ക് നയിച്ചത്. 

മദ്രാസ് സർക്കാർ അനുവദിച്ച തുക ഉപയോഗിച്ച് തടയണ നിർമാണം ആരംഭിച്ചെങ്കിലും കനത്ത മഴയിൽ ഇത് പൂർണമായും ഒലിച്ചുപോയി. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടതോടെ സർക്കാർ പദ്ധതി ഉപേക്ഷിച്ചു. എന്നാൽ ഇംഗ്ലണ്ടിൽ തന്റെയും ഭാര്യ ഗ്രേസ് ജോർജീനയുടെയും പേരിലുണ്ടായിരുന്ന സ്വത്തുക്കൾ വിറ്റ് ലഭിച്ച പണം ഉപയോഗിച്ച് പെന്നി ക്വിക്ക് വിജയകരമായി അണക്കെട്ട് നിർമാണം പൂർത്തീകരിച്ചു.

ഇതോടെ ബ്രിട്ടിഷ് ഭരണത്തിൻ കീഴിലുള്ള മദ്രാസ് സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി നിയമനം ലഭിച്ചു. പിന്നീട് പല പദവികളിൽ ജോലി നോക്കിയ പെന്നി ക്വിക്ക് 1903ൽ ഇംഗ്ലണ്ടിലേക്കു മടങ്ങി. സ്വത്തെല്ലാം വിറ്റതിനാൽ സർക്കാർ അനുവദിച്ച വീട്ടിലായിരുന്നു അവസാനകാലം ചെലവഴിച്ചത്. 1911 മാർച്ച് 9ന് എഴുപതാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.