നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി.ശിവന്‍കുട്ടിയുള്‍പ്പെടെ ആറു പ്രതികളും ഇന്നു കോടതിയില്‍ ഹാജരാകും. കേസില്‍ നിന്നു ഒഴിവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് വി.ശിവന്‍കുട്ടിയും, ഇ.പി.ജയരാജനും കെ.ടി.ജലീലും ഉള്‍പ്പെടെയുള്ള പ്രതികള്‍ നേരിട്ടു ഹാജരാകുന്നത്. 2015 ല്‍ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ അതിക്രമം നടത്തി രണ്ടരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. 

 

നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇന്നു നേരിട്ടുഹാജരാകണമെന്നു തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.രണ്ടു തവണ നേരിട്ടു ഹാജരാകണമെന്നു പ്രതികളോടു ആവശ്യപ്പെട്ടെങ്കിലും മന്ത്രിയുള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരായിരുന്നില്ല. തുടര്‍ന്നായിരുന്നു കര്‍ശന നിര്‍ദേശം നല്‍കിയത്. കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് നേരത്തെ സര്‍ക്കാര്‍ വിചാരണക്കോടതി മുതല്‍ സുപ്രീംകോടതി വരെ പോയെങ്കിലും നിരാശയായിരുന്നു ഫലം. മാത്രമല്ല പിഡിപിപി നിയമ പ്രകാരം എടുത്ത കേസുകള്‍ പിന്‍വലിക്കാനാകില്ലെന്നു സുപ്രീംകോടതി കര്‍ശന താക്കീത് നല്‍കുകയും ചെയ്തു. പിന്നീടാണ് പ്രതികള്‍ സ്വന്തം നിലയ്ക്ക് വിടുതല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പ്രതികള്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതിയുടെയും ഉത്തരവ്. ഇന്നു നേരിട്ടു ഹാജരാകുന്ന പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. നേരത്തെ കോടതിയില്‍ ഹാജരായി ജാമ്യം നേടിയിരുന്നു. 2015 മാര്‍ച്ച് 13 നു അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നതാണ് കേസ്. മന്ത്രി വി.ശിവന്‍കുട്ടിയെക്കൂടാതെ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.