TAGS

തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ മുന്നിലിട്ട് അച്ഛനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ക്രൂരമായി മർദിച്ചു. കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയപ്പോൾ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് മകൾ രേഷ്മയുടെ മുന്നിൽ വെച്ച് പ്രേമനനെ മർദിച്ചത്. പ്രശ്നത്തിൽ ഹൈക്കോടതി റിപ്പോർട് തേടി. ഇന്നു തന്നെ റിപ്പോർട് നൽകണമെന്നു ഗതാഗത മന്ത്രിയും ആവശ്യപ്പെട്ടു. മര്‍ദനത്തില്‍ അ‍ഞ്ച് കെ.എസ്.ആര്‍.ടിസി. ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. മനോരമ ന്യൂസാണ് വാർത്ത പുറത്തെത്തിച്ചത്.

മകൾക്കു മുന്നിലിട്ട് അഛനെ മർദിക്കുന്ന ദൃശ്യങ്ങളാണിത്. രാവിലെ പതിനൊന്നരയ്ക്കാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ മകളോടൊപ്പം പ്രേമനൻ കാട്ടാക്കട ബസ് ഡിപ്പോയിലെത്തിയത്. കൺസഷൻ ടിക്കറ്റ് പുതുക്കുന്നതിനായി കൗണ്ടറിനു മുന്നിലെത്തി. കൺസഷൻ പുതുക്കണമെങ്കിൽ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്നായി ജീവനക്കാർ. പിന്നീട് നടന്നത് പ്രേമനൻ തന്നെ പറയും. 

മർദിക്കരുതെന്നു മകൾ കരഞ്ഞു വിളിച്ചിട്ടും ജീവനക്കാരുടെ മനസലിഞ്ഞില്ല. അച്ഛനെ ആശുപത്രിയിലാക്കാൻ മകൾ ഒരുങ്ങിയെങ്കിലും പരീക്ഷയ്ക്ക് പോകാൻ അച്ഛൻ നിർബന്ധിക്കുകയായിരുന്നു. പിന്നീട് പ്രേമനനെ, കാട്ടാക്കട ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസെത്തി മൊഴി രേഖപ്പെടുത്തി. പ്രശ്നത്തിൽ ഇന്നു തന്നെ റിപ്പോർട് നൽകണമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കെ.എസ്.ആർ.ടി.സി എം.ഡി യോട് ആവശ്യപ്പെട്ടു. അന്വേഷണത്തിന് ഗതാഗത മന്ത്രി ആൻ്റണി രാജുവും ഉത്തരവിട്ടു.