ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടർന്ന് കൈലാസത്തിലേക്കു പോകുന്ന വഴിയിലെ മലയുടെ ഒരുഭാഗം ഇടിഞ്ഞുവീണു. വെള്ളിയാഴ്ച വൈകുന്നേരം ഉത്തരകാശിയിലെ നജാങ് താംബ ഗ്രാമത്തിന് സമീപമുള്ള മലയാണ് ഇടിഞ്ഞത്. തുടർന്ന് കൈലാസ യാത്രയ്ക്കായി ഉപയോഗിക്കുന്ന പ്രധാനപാതയായ തവാഘട്ട് ലിപുലേഖ് ദേശീയപാത അടച്ചിട്ടു. മലയിടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

 

കനത്ത മഴയിൽ ഉത്തരകാശിയിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.  ഹെൽഗുഗാഡിനും സ്വരിഗാഡിനും സമീപത്തുള്ള മലയിലെ പാറക്കൂട്ടങ്ങൾ റോഡിൽ വീണ് ഋഷികേശ്– ഗംഗോത്രി ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. വികാസ്നഗർ–കൽസി–ബർകോട്ട് ദേശീയപാതയിലും സമാന അവസ്ഥയാണ്. സെപ്റ്റംബർ 25വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.