ഉത്തരാഖണ്ഡിലെ വനതാര റിസോർട്ടിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരി. റിസോർട്ടിൽ പെൺകുട്ടികളെ കൊണ്ടുവന്നിരുന്നുവെന്നും വിഐപികൾ നിത്യസന്ദർശകരായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. റിസോർട്ടിൽ ലഹരി ഉപയോഗം വ്യാപകമായിരുന്നു. റിസോർട്ട് ഉടമയായ ബിജെപി നേതാവിന്റെ മകൻ പുൾകിത് ആര്യയും മറ്റൊരു ജീവനക്കാരനും പെൺകുട്ടികളോട് നിരന്തരം മോശമായി പെരുമാറിയിരുന്നുവെന്നും യുവതി പറയുന്നു
മേയ് മാസം ജോലിക്ക് കയറി, എന്നാൽ രണ്ട് മാസങ്ങൾക്കിപ്പുറം ജൂലൈയിൽ ജോലി വിടേണ്ടി വന്നു. കാരണം പുൾകിത് ആര്യയുടെയും മറ്റൊരു ജീവനക്കാരന്റെയും മോശം പെരുമാറ്റം. ഇതേ റിസോർട്ടിലെ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തിന് പിന്നാലെയാണ് റിസോർട്ടിലെ മുൻ ജീവനക്കാരി ഇഷിതയുടെ വെളിപ്പെടുത്തൽ. ഇഷിതയും വനതാരാ റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു. റിസോർട്ടിലേക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരികളും പെൺകുട്ടികളെയും എത്തിച്ചത് പുൾകിത്താണെന്ന് മുൻ ജീവനക്കാരി പറയുന്നു.
റിസോർട്ടിലെ ജോലി സുരക്ഷിതമല്ലാതായതോടെ ഇഷിത ജോലി നിർത്തി. ഭർത്താവും ഇതേ റിസോർട്ടിലെ ശുചീകരണ വിഭാഗത്തിലായിരുന്നു. റിസോർട്ടിന്റെ ഒരു ഭാഗം ഇടിച്ചുനിരത്തിയത് തെളിവ് നശിപ്പിക്കാനാണെന്ന കുടുംബത്തിന്റെ ആരോപണം നിലനിൽക്കെയാണ് കൂടുതൽ വെളിപ്പെടുത്തലുകൾ. അതിനിടെ പുൾകിത് ആര്യ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾ ഉപയോഗിച്ച് രണ്ട് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.