ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 മൽസരത്തിനായി ഇരു ടീമുകളും എത്തിയതോടെ ക്രിക്കറ്റ് ആവേശത്തിൽ അമർന്ന് കേരളം. കാര്യവട്ടം ഗ്രീൻഫീൾഡ് സ്റ്റേഡിയത്തിൽ ഇരുടീമുകളും ഇന്ന് പരിശീലനത്തിന് ഇറങ്ങും. മൽസരം കാണാൻ ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഇന്ന് എത്തും. ഒരുക്കങ്ങൾ പൂർത്തിയായെന്നും ആയിരത്തിൽ താഴെ ടിക്കറ്റുകളെ ഇനി വിറ്റുപോകാനുള്ളുവെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. 

 

മൂന്നുവർഷത്തിന് ശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിന്ന് ഉയരുന്ന ആരവങ്ങൾ ഏറ്റുവാങ്ങാൻ കേരളം കാത്തുകൂർപ്പിച്ചിരിക്കുകയാണ്. മൽസരം കാണാൻ ബി.സി.സി.ഐ അധ്യക്ഷനും മുൻ നായകനുമായ സൗരവ് ഗാംഗുലിയുടെ വരവും ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.  ഇരു ടീമുകളും ഇന്ന് പരിശീലനത്തിന് ഇറങ്ങും. ഇന്നലെ പരിശീലനം നടത്തിയ ദക്ഷിണാഫ്രിക്കൻ ടീം തന്നെയാണ് ഇന്നും ആദ്യം പരിശീലനം നടത്തുക.  ഉച്ചയ്ക്ക് ഒന്ന് മുതൽ നാലു വരെ. തുടർന്ന് രോഹിത് ശർമ്മയും ടീമും കളത്തിലിറങ്ങും. വൈകിട്ട് അഞ്ചു മുതൽ എട്ടു വരെ. പരിശീലനത്തിന് മുന്നോടിയായി ഇരു ടീമുകളുടെയും നായകന്മാർ മാധ്യമങ്ങളെ കാണും. ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരേ ഗ്രൂപ്പിലാണ്. ആ നിലയ്ക്ക് നേട്ടങ്ങളും കോട്ടങ്ങളും കരുത്തും ബലഹീനതകളും പരസ്പരം മനസിലാക്കാനുള്ള വേദിയായിട്ടാണ് ഇരു ടീമുകളും പരമ്പരയെ കാണുന്നത്. മൽസരത്തിന്റെ ആവേശം ടിക്കറ്റ് വിൽപ്പനയിൽ നിഴലിച്ചിട്ടുണ്ട്. ആയിരത്തിൽ താഴെ ടിക്കറ്റുകളെ വിറ്റുപോകാനുള്ളുവെന്ന് ബി.സി.സി.ഐ അറിയിച്ചു.  ഗ്രീൻഫീൽഡിൽ കളിച്ച മൂന്നിൽ രണ്ടിലും വിജയക്കൊടി പാറിച്ചതിന്റെ ആത്മവിശ്വാസമാണ് ഇന്ത്യൻ ടീമിന്.