കോടിയേരി ബാലകൃഷ്ണൻ ഇനി ഓർമകളിലെ രക്തനക്ഷത്രം. പയ്യാമ്പലം ബീച്ചിൽ ഒരുക്കിയ ചിതയിൽ കോടിയേരി ജ്വലിക്കുന്ന ഓർമയായി. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ചിതയ്ക്ക് തീ കൊളുത്തി. വിഡിയോ റിപ്പോർട്ട് കാണാം. 

അഴീക്കോടൻ സ്മാരക മന്ദിരത്തിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര പയ്യാമ്പലം ബീച്ചിലെ ജനസാഗരത്തിനിടയിലേക്ക്. മണിക്കൂറുകളായി കാത്തു നിന്ന പതിനായിരക്കണക്കിന് ജനങ്ങൾ മുഷ്ഠി ചുരുട്ടി അന്തരീക്ഷത്തിലേക്കെറിഞ്ഞ് ഉറക്കെ വിളിച്ചു. കൊടിയേരിയുടെ തലയ്ക്കൽ പിണറായി വിജയനും സീതാറാം യെച്ചൂരിയും. കാൽക്കൽ പ്രകാശ് കാരാട്ടും എം.എ.ബേബിയും. നേതാക്കൾ പ്രിയ സഖാവിനെ തോളിലേറ്റി ചിതയിലേക്ക് നടന്നടുത്തു.

ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദൻ്റെയും സ്മൃതികുടീരങ്ങൾക്കിടയിൽ ഒരുക്കിയ ചിതയിലേക്ക് ഇറക്കി കിടത്തി. നേതാക്കൾ നിരന്നു നിന്നു. കുടുംബാംഗങ്ങൾക്ക് ദു:ഖമടക്കാനായില്ല. തുടർന്ന് മുൻ ആഭ്യന്തര മന്ത്രിക്ക് പൊലീസിൻ്റെ ആദരം. ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചിതയിലേക്ക് തീ പകർന്നു. ചിത എരിഞ്ഞു തുടങ്ങിയതോടെ രോഗപീഡകൾ വേദനിപ്പിച്ച കാലമത്രയും താങ്ങായി കോടിയേരിക്കൊപ്പം നിന്ന പത്നി വിനോദിനി പിണറായിയുടെ ഭാര്യ കമലയുടെ തോളിലേക്ക് വീണു. അപ്പോഴും കടലിരമ്പവും കടന്ന് ദിഗന്തങ്ങൾ മുഴങ്ങുമാറ് അണികളുടെ മുദ്രാവാക്യം വിളികൾ ഉയരുന്നുണ്ടായിരുന്നു.