5g

TAGS

5 ജി ഇന്ത്യയിലെത്തുമ്പോള്‍ നിത്യജീവിതം എങ്ങനെ മാറുമെന്നതിന്‍റെ ഉദാഹരണമാണ് ഡല്‍ഹിയിലെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്. മൊബൈല്‍ഫോണില്‍ വരുന്ന മാറ്റങ്ങള്‍ മുതല്‍ 5 ജി എങ്ങനെ കൃഷിയിലും ആരോഗ്യരംഗത്തും പ്രയോജനപ്പെടുത്താമെന്നാണ് പ്രദര്‍ശനത്തിലൂടെ കാണിച്ചുതരുന്നത്.

സ്ഥിരതയോടെ വേഗത്തില്‍ 5 ജി സേവനം ലഭ്യമാകുമ്പോള്‍, അത് സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലും മാറ്റം വരുത്തും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വ്യവസായ ശാലകള്‍, ഖനികള്‍, തുടങ്ങി ഗെയിമിങ്ങും വിനോദവും വരെ. കൃഷിയെ ഉപജീവനമാക്കിയുള്ള നിരവധിയാളുകളുള്ള ഇന്ത്യയില്‍ നിര്‍മിത ബുദ്ധിയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പ്രദര്‍ശനത്തില്‍ കാണിക്കുന്നു. കന്നുകാലി വളര്‍ത്തല്‍ മുതല്‍ ജലസേചനവും വിള പരിപാലനവും എല്ലാം നിര്‍മിത ബുദ്ധി ഉപയോഗിച്ച് ചെയ്യാം. 

ഏതാണ്ട് 30 കോടിയിലേറെ പശുക്കളുള്ള ഇന്ത്യയില്‍ ഇവയെ നിരന്തരം നിരീക്ഷിക്കാന്‍ ഉപകരണങ്ങള്‍, അത് നിയന്ത്രിക്കാന്‍ നിര്‍മിത ബുദ്ധി, വേഗതയ്ക്ക് 5ജിയും. 5 ജി ആരോഗ്യരംഗത്തും വലിയ മാറ്റങ്ങള്‍ വരുത്തും. അത് ഒരു രോഗിയെ ആംബുലന്‍സില്‍ കയറ്റുന്നതുമുതല്‍ തുടങ്ങും. കമാന്‍ഡ്–കണ്‍ട്രോള്‍ സെന്‍ററുകളില്‍ ഇരുന്ന് ഡോക്ടര്‍മാര്‍ക്ക് തല്‍സമയ നിര്‍ദേശങ്ങള്‍ നല്‍കാം. ആംഗ്യവും ശബ്ദവും ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കാവുന്ന വീട്ടുപകരണങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഒപ്ടിമസ് ലോജിക്കിന്‍റെ 5 ജി മൊബൈല്‍ഫോണും മറ്റൊരു ആകര്‍ഷണമാണ്. ജിയോ, എയര്‍ടെല്‍, വിഐ, നോക്കിയ തുടങ്ങി നിരവധി കമ്പനികള്‍ പ്രഗതി മൈതാനിലെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ പങ്കാളികളാണ്.