മരിച്ച ഐശ്വര്യ

TAGS

പാലക്കാട് യാക്കരയിലെ തങ്കം ആശുപത്രിയിൽ പ്രസവ ചികിൽസക്കിടെ അമ്മയും നവജാത ശിശുവും മരിച്ചതിൽ മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍. ഡോക്ടര്‍മാരായ പ്രിയദര്‍ശിനി, നിള, അജിത്ത് എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. അമ്മയുെടയും കുഞ്ഞിന്റെയും മരണത്തില്‍ ചികിൽസാപ്പിഴവുണ്ടായെന്ന് മെഡിക്കല്‍ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് പാലക്കാട് ഡിവൈഎസ്പിയുടെ നടപടി. ചിറ്റൂർ തത്തമംഗലം സ്വദേശിനി ഐശ്വര്യയും നവജാത ശിശുവിന്റെയും മരണത്തില്‍ തങ്കം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയത്. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിച്ചതാണ് ഗുരുതര പിഴവിനിടയാക്കിയത്. പൊക്കിള്‍ക്കൊടി കഴുത്തില്‍ കുരുങ്ങിയാണ് കുഞ്ഞ് മരിച്ചത്. വാക്വം ഉപയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് ഐശ്വര്യയുടെ മരണത്തിനിടയാക്കിയത്. 

ചികില്‍സാ വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. ഡിഎംഒ റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയതിന് പിന്നാലെ ഡോക്ടര്‍മാരെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. ഐശ്വര്യയെ ചികില്‍സിച്ച തങ്കം ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ പ്രിയദര്‍ശിനി, നിള, അജിത്ത് എന്നിവരുടെ അറസ്റ്റ് സൗത്ത് പൊലീസ് രേഖപ്പെടുത്തി. മൂവരെയും ജാമ്യത്തില്‍ വിട്ടയച്ചു. ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവുണ്ടെന്ന ആരോപണം യാഥാര്‍ഥ്യമെന്ന് തെളിഞ്ഞതായി ഐശ്വര്യയുടെ ബന്ധുക്കള്‍. ജൂലൈ രണ്ടിനാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചത്. രണ്ടാംദിവസം ഐശ്വര്യയും മരിച്ചു. വ്യാപക പ്രതിഷേധമുയര്‍ന്നതോടെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം തങ്കം ആശുപത്രിക്കെതിരെ കേസെടുത്തു. മനുഷ്യാവകാശ കമ്മിഷനും സ്വന്തംനിലയില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഈഘട്ടത്തിലാണ് ഡോക്ടര്‍മാരുടെ പിഴവ് തെളിഞ്ഞതും അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയതും.  

Action taken on death of mother and child due to medical malpractice in Palakkad. Three doctors were arrested and released on bail.