ഗുജറാത്തിനു സമീപം കടലിൽ പിടിയിലായ പാക്ക് ബോട്ടിൽനിന്ന് 50 കിലോ ഹെറോയിൻ പിടിച്ചെടുത്തു. 350 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് 5 ചാക്കുകളിലാക്കിയാണ് പാക്കിസ്ഥാനിലെ ലഹരിമാഫിയ ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ചതെന്ന് ഇന്ത്യൻ തീരസംരക്ഷണ സേനയും ഗുജറാത്ത് ലഹരിവിരുദ്ധ സേനയും അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന 6 പേരെ അറസ്റ്റ് ചെയ്തു. ഇവർ കറാച്ചി സ്വദേശികളാണ്. ലഹരിമരുന്ന് ആർക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുന്നു.
വെള്ളിയാഴ്ച രാത്രിയാണ് കടലിൽ ദുരൂഹസാഹചര്യത്തിൽ ബോട്ട് കണ്ടതും സേന പിന്തുടർന്നു പരിശോധന നടത്തിയതും. ഉത്തരേന്ത്യയിലും പഞ്ചാബിലും എത്തിക്കാനുള്ള ഹെറോയിനാണ് ഗുജറാത്ത് തീരത്തടുപ്പിക്കാൻ ശ്രമിച്ചത്. സേന വളഞ്ഞതോടെ ബോട്ട് ജീവനക്കാർ അവരുടെ സാറ്റലൈറ്റ് ഫോൺ കടലിലെറിഞ്ഞു. മറ്റൊരു പാക്ക് ബോട്ടിൽനിന്നു സെപ്റ്റംബർ 14ന് 40 കിലോ ലഹരിമരുന്ന് പിടികൂടിയിരുന്നു.