ബി.ജെ.പി സംസ്ഥാന നേതൃസ്ഥാനത്തേയ്ക്ക് വരാന്‍ സുരേഷ് ഗോപി വിമുഖത അറിയിച്ചതായി സൂചന. രാജ്യസഭയിലേയ്ക്ക് ഒരവസരം കൂടി നല്‍കിയാല്‍ സ്വീകരിക്കാമെന്ന് അദ്ദേഹം അറിച്ചു. കോര്‍കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയുടെ പേര് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചെങ്കിലും കേന്ദ്ര നേതൃത്വം തീരുമാനമെടുത്തിട്ടില്ല.

 

രാജ്യസഭയില്‍ ഇതുപോലെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിലാണ് സുരേഷ് ഗോപിക്ക് താല്‍പര്യം. നാമനിര്‍ദ്ദേശം ചെയ്ത  അംഗമെന്ന നിലയിൽ  ആറുവർഷം നാടിനായി ചെയ്ത കാര്യങ്ങൾ കൂടി വിലയിരുത്തിയശേഷം ഒരവസരം കൂടി നല്‍കിയാല്‍ സസന്തോഷം സ്വീകരിക്കുമെന്നും അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിച്ചു. തുടങ്ങിവെച്ച വികസന  പദ്ധതികൾ പൂർത്തിയാക്കാനാണ് ഒരവസരം കൂടി തേടുന്നത്. 

 

കലാകാരന്‍ എന്ന നിലയിലുള്ള രാജ്യസഭാംഗത്വമാണ് സുരേഷ് ഗോപിയുടെ മനസില്‍ .അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും താല്‍പര്യപ്രകാരമാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം കോര്‍ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയെ നിര്‍ദ്ദേശിച്ചത്. സുരേഷ് ഗോപി ഒരുകാരണവശാലും ബി.ജെ.പിയില്‍ നിന്ന് അകലരുതെന്ന് ഇരുവര്‍ക്കും നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് പതിമൂന്നംഗ കോര്‍കമ്മിറ്റി വിപുലീകരിക്കാന്‍ കേന്ദ്രനേതൃത്വം അനുമതി നല്‍കിയത്. എം.പി. സ്ഥാനം ഒഴിഞ്ഞശേഷം സുരേഷ് ഗോപി വീണ്ടും സിനിമയില്‍ സജീവമാകുകയായിരുന്നു. 

 

തല്‍ക്കാലം ചലചിത്രമേഖലയില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. എന്നാൽ കേന്ദ്രനേതൃത്വത്തിന്റെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും സുരേഷ് ഗോപിയുടെ തീരുമാനം.